കുടുംബസദസ്സുകളുടെ ഇഷ്ടം കവർന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ‘ബാലേട്ടൻ’. ചിത്രത്തിൽ മോഹൻലാലിന്റെയും ദേവയാനിയുടെയും മക്കളായി എത്തിയ കുട്ടിക്കുറുമ്പികളെയും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സഹോദരിമാരായ ഗോപികയും കീർത്തനയുമായിരുന്നു ചിത്രത്തിൽ ‘ബാലേട്ടന്റെ’ മക്കളായി എത്തിയത്.
ഗോപിക ഇന്നൊരു ആയുർവേദ ഡോക്ടറാണ്. കീർത്തന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് ഗോപികയും കീർത്തനയും.
Read more: ഇതെനിക്ക് എന്റെ അമ്മയിൽ നിന്നും കിട്ടിയതാണ്; സ്നേഹ നിമിഷങ്ങൾ പങ്കുവച്ച് പൂർണിമ
പഠനം പൂർത്തിയാക്കി ഗോപികയും കീർത്തനയും കഴിഞ്ഞവർഷം മുതൽ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഇരുവരുമുണ്ട്. കബനി, പദ്മിനി എന്നീ കഥാപാത്രങ്ങളെയാണ് ഗോപികയും കീർത്തനയും അവതരിപ്പിക്കുന്നത്. മുൻപ് ‘അമ്മത്തൊട്ടിൽ’ എന്ന സീരിയലിൽ ഗോപികയും ‘മാംഗല്യം’ എന്ന സീരിയലിൽ കീർത്തനയും അഭിനയിച്ചിരുന്നു.
ബിജു മേനോന്റെ ‘ശിവം’ എന്ന ചിത്രത്തിലായിരുന്നു ഗോപിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തിൽ ബിജു മേനോന്റെ മകളുടെ വേഷമായിരുന്നു ഗോപികയ്ക്ക്. കീർത്തനയുടെ ആദ്യചിത്രം ‘സീതാകല്യാണം’ ആണ്. ‘പാഠം ഒന്ന് ഒരു വിലാപം’, ‘സദാനന്ദന്റെ സമയം’ എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചു. അതിനു ശേഷമാണ് ഗോപികയും കീർത്തനയും ഒന്നിച്ച് ‘ബാലേട്ടനി’ൽ അഭിനയിക്കുന്നത്.
Read more: ഈ കൊച്ചുമിടുക്കികളെ ഓർമ്മയുണ്ടോ? വിശേഷങ്ങളുമായി നിരഞ്ജനയും നിവേദിതയും