സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ബുധനാഴ്ച അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ഒരു കാലത്തെ പ്രിയ നായികയായിരുന്ന കാർത്തികയെക്കുറിച്ചായിരുന്നത്. തിരുവനന്തപുരം എത്തിയ ബാലചന്ദ്ര മേനോൻ ഗോൾഫ് ക്ലബിലെത്തിയതായിരുന്നു. അവിടെ വച്ച് കാർത്തികയെ കണ്ട സന്തോഷമാണ് താരം കുറിപ്പിലൂടെ പങ്കുവച്ചത്.
ചെറുമകൾ ശിവാലികയുടെ ചോറൂണിന്റെ ആഘോഷങ്ങളിലായിരുന്നു കാർത്തിക. ഭർത്താവ് ഡോ സുനിലും താരത്തിനൊപ്പമുണ്ടായിരുന്നു. “കാർത്തികയെ പറ്റി എനിക്കേറെ പറയാനുണ്ട് .അത് ഞാൻ പിന്നീട് പറയും. പക്ഷെ ഒന്ന് ഞാൻ ഇപ്പോൾ പറയാം. എന്റെ നായികമാരിൽ ഇന്നും ഞാനുമായിട്ടു വാട്ട്സാപ്പിൽ എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാർത്തികയാണ്. എന്റെ സിനിമാ ആസ്വാദകർ എന്നെ കാണുമ്പോഴൊക്കെ കാർത്തികയെ കുറിച്ച് കൗതുകപൂർവ്വം അന്വേഷിക്കാറുമുണ്ട്. സിനിമാ അഭിനയം നിർത്താനായി തീരുമാനിച്ചപ്പോൾ കാർത്തിക എന്നോട് പറഞ്ഞു,”ഞാൻ സാറിൽ തുടങ്ങി ..സാറിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും …” ഞാൻ ആ വാക്കു പാലിച്ചു. ഞാൻ നിർമ്മിച്ച്, വിജി തമ്പി ആദ്യമായി സംവിധായകനായ ‘ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ‘ ആയിരുന്നു കാർത്തികയുടെ അവസാന ചിത്രം!” ബാലചന്ദ്ര മേനോൻ കുറിച്ചു.

കാർത്തിക ഒരു അമ്മൂമ്മയായതിനു ശേഷം തങ്ങൾ ആദ്യമായാണ് കാണുന്നതെന്നും ബാലചന്ദ്ര മേനോൻ കുറിക്കുന്നു. കാർത്തികയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എൺപതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാർത്തിക. വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറഞ്ഞ് സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും ഏറെയിഷ്ടമാണ് ഈ നടിയെ. അപൂർവ്വമായി വിവാഹവേദികളിലോ മറ്റോ എത്തുന്ന കാർത്തികയുടെ ചിത്രങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്.