അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി.ശശിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന് എല്ലാം സിനിമ ആയിരുന്നെന്നും ജീവിതത്തിലെ ഭൂരിഭാഗം സമയവും സിനിമയ്ക്കായാണ് അദ്ദേഹം ചെലവഴിച്ചതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. ഒരു സംവിധായകന്റെ പേര് തിരശ്ശീലയിൽ തെളിയുമ്പോൾ പ്രേക്ഷകർ ആദ്യമായി കയ്യടിച്ചതു ഐ.വി.ശശിക്കു വേണ്ടിയാണെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ബാലചന്ദ്രമേനോന്റെ കുറിപ്പ്:
“അന്ന് ഞാൻ താമസിച്ചിരുന്ന കോടമ്പാക്കത്തെ ഗംഗാനഗറിനരികിലായിട്ട് ട്രസ്റ്റുപുരത്തായിരുന്നു അവിവാഹിതനായ ശശിയുടെ താമസം. ഒപ്പം ഉത്സവത്തിന്റെ നിർമാതാവ് രാമചന്ദ്രൻ, തിരക്കഥാകൃത്ത് ഷെരീഫ്, എന്നിവരും. സുകുമാരൻ, വിൻസന്റ്‌, കുതിരവട്ടം പപ്പു എന്നിവരെ പലവട്ടം ആ വീട്ടിൽ ഞാൻ സന്ധിച്ചിട്ടുണ്ട് .

സംവിധായകനായ എന്റെ മിക്ക ചിത്രങ്ങളുടെയും ലാബ് വർക്കുകൾ അക്കാലത്തു ചെന്നൈയിലായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ ചിത്രങ്ങളുടെയും ഒരു പ്രിവ്യൂ അവിടെയുണ്ടാകും. അത് കാണാൻ സ്ഥിരം ഒരു പ്രേക്ഷക വൃന്ദവും അവിടെയുണ്ടായിരുന്നു. അതിൽ പ്രമുഖനായിരുന്നു ശശിയും. ഒരു നല്ല ആസ്വാദകന്റെ മനസ്സ് ഞാൻ അടുത്തറിയുന്നതു അപ്പോഴാണ്.

തുടക്കം മുതൽ ഇന്നീ നിമിഷം വരെ ഒരു പ്രൊഡക്ഷൻ ഫോൺ വന്നാൽ അഭിനയിക്കാൻ തയാറുള്ള ആളല്ല ഞാൻ. ഒന്നുകിൽ സംവിധായകൻ അല്ലെങ്കിൽ കഥാകൃത്ത്. ചിത്രത്തിലെ എന്റെ പങ്കിനെപ്പറ്റി ബോധ്യപ്പെടുത്താതെ ഞാൻ ഒരു തീരുമാനമെടുക്കാറില്ല. അങ്ങിനെയിരിക്കെ ശശി എന്നെ ഫോണിൽ വിളിക്കുന്നു. അദ്ദേഹത്തിൻറെ ഒരു ചിത്രത്തിൽ നായക പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണം. ഒരു പുതു മുഖമാണ് രചന. അതുകൊണ്ടുതന്നെ അയാൾക്ക് കഥ പറയാനുള്ള ആർജ്ജവമില്ല. ശശിക്ക് ചെന്നൈ വിട്ടു വരാനും പറ്റുന്നില്ല. പക്ഷെ ഞാൻ ചിത്രത്തിൽ അഭിനയിക്കണം. അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാൻ ശശിയുടെ ഫോണുകൾ പലപ്പോഴും ഒഴിവാക്കി. അങ്ങനെയിരിക്കെ ശശി ഒരു വൈകുന്നേരം തിരുവനന്തപുരത്തെ എന്റെ വീട്ടിൽ കേറി വരുന്നു. കൂടെ നിർമാതാവായ വി.ബി.കെ.മേനോനും വിതരണക്കാരനായ ലിബർട്ടി ബഷീറുമുണ്ട്. ഞൊടിയിടയിൽ ശശി എന്റെ അമ്മയിലൂടെ എന്നെ സ്വാധീനിച്ചു എന്റെ സമ്മതം വാങ്ങി. അങ്ങിനെ ആദ്യമായി ഒരു ഐ.വി.ശശി ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരു അവസരം എനിക്കും കിട്ടി. വർത്തമാനകാലം..

ശശിക്കെല്ലാം സിനിമയായിരുന്നു. 150 ചിത്രങ്ങൾ സംവിധാനം ചെയ്തു എന്ന് പറയുമ്പോൾ തന്നെ ജീവിതത്തിന്റെ ഒരു നല്ല ഘട്ടം സിനിമക്കായി ചെലവഴിച്ചു എന്നൂഹിക്കാമല്ലോ. കിട്ടാവുന്ന അംഗീകാരങ്ങളും ശശിക്ക് വന്നുചേർന്നു. എന്നാൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഒരു വലിയ ബഹുമതി ശശി സ്വന്തമാക്കി. താരങ്ങളെ തിരശ്ശീലയിൽ കാണുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് സാധാരണം. എന്നാൽ ഒരു സംവിധായകന്റെ പേര് തിരശ്ശീലയിൽ തെളിയുമ്പോൾ പ്രേക്ഷകർ ആദ്യമായി കയ്യടിച്ചതു ഐ.വി.ശശിക്കു വേണ്ടിയാണ്.. അക്കാര്യത്തിൽ താങ്കളുടെ പിന്തുടർച്ചക്കാരായ ഞങ്ങൾക്ക് അഭിമാനമുണ്ട് …..അളവറ്റ സന്തോഷവുമുണ്ട് ….”

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ