ഏറെ നാളുകൾക്കുശേഷം ദിലീപിനെ കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതിനുശേഷം ആദ്യമായാണ് ബാലചന്ദ്ര മേനോൻ ദിലീപിനെ കാണുന്നത്. തന്റെ പുതിയ ചിത്രമായ ”എന്നാലും ശരതി”ന്റെ ഡബ്ബിങ്ങിനായി ലാൽ സ്റ്റുഡിയോയിൽ എത്തിയതായിരുന്നു ബാലചന്ദ്ര മേനോൻ. തന്റെ വിഷു ചിത്രമായ “കമ്മാര സംഭവത്തി”ന്റെ ഡബ്ബിങ്ങിനായാണ് ദിലീപ് എത്തിയത്. അവിടെവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

ബാലചന്ദ്ര മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാൻ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് …

ലാൽ മീഡിയയിൽ “എന്നാലും ശരത് ” എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ. ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ “:കമ്മാര സംഭവത്തിനു ” വന്നതും.

ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു. ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു.
പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല. (പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓർക്കുക.)
ശാന്തമായ സ്വരത്തിൽ ദിലീപ് എന്നോട് പറഞ്ഞു:

“അവിടെ അകത്തുള്ളവർക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കി…. ”

അത് കലാകാരന്റെ മാത്രം നേട്ടമാണ്. പ്രേക്ഷകമനസ്സിൽ ‘ഇഷ്ടം’ (അങ്ങിനെ പേരുള്ള ഒരു ചിത്രത്തിൽ മാത്രമേ ഞാൻ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളൂ. നവ്യ നായരുടെ അച്ഛനായിട്ടു. നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും. ഇനി തന്റെ മുന്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ്. ആ ദൃഢ നിശ്ചയമാണ് ഞാൻ ദിലീപിന്റെ മുഖത്തു കണ്ടത്…

ഒരു കാര്യം കൂടി ഞാൻ ദിലീപിനോട് പങ്കു വച്ചു. ‘എന്നാലും ശരത്തി’ ലെ ഒരു രംഗത്തു എന്നെയും ലാൽ ജോസിനെയും കൈയാമം വച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിങ്ങിനുള്ള ക്രമീകരണങ്ങൾ എല്ലാം കഴിഞ്ഞു. കോസ്‌റ്റ്യൂമർ വന്നു കൈയ്യിൽ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാൻ ദിലീപുമായി ഷെയർ ചെയ്തു. എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടിൽ നിന്ന് പൊലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാർ കൂട്ടം കൂടി നിൽക്കാൻ അസിസ്റ്റന്റ് ഡയറക്ടർസ് ഏർപ്പാട് ചെയ്തിരുന്നു. വിലങ്ങണിഞ്ഞ ഞാൻ നടന്നു പോകുമ്പോൾ അവർ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയിൽ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി.

“ആ നിമിഷമാണ് ഒരു പക്ഷെ ഞാൻ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത്. അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ….”

അത് കേട്ട് ദിലീപ് ചിരിച്ചു. ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു.

ദിലീപ് എന്ന കലാകാരനെ ഏവർക്കും ഇഷ്ടമാണ്. ആ ഇഷ്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു …

that’s ALL your honour !

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ