ബാലഭാസ്‌കര്‍ എന്ന അതുല്യ കലാകാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും ആ നഷ്ടത്തോട് പൊരുത്തപ്പെടാന്‍ സാംസ്‌കാരിക ലോകത്തിന് ആയിട്ടില്ല. അതിനിടയിലാണ് ബാലഭാസ്‌കറിന്റെ മരണത്തെ ചുറ്റപ്പറ്റി പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും പുറത്തുവരുന്നത്. അപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ബാലഭാസ്‌കര്‍ നിലവിലെ വിവാദങ്ങളോട് പ്രതികരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ലക്ഷ്മി മനസ് തുറന്നത്.

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ പണവും സ്വര്‍ണവും ഉണ്ടായിരുന്നു എന്നും ഇതെവിടെ പോയി എന്നും കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ബന്ധു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഭാര്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ബാലുവും മകളും കൂടെ ഇല്ലാതെ എന്തിനാണ് തനിക്ക് പണവും സ്വര്‍ണവും എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

Read More: സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

അപകടം സംഭവിച്ച ദിവസം വാഹനം ഓടിച്ചിരുന്നത് ബാലുവായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും എങ്കില്‍ അദ്ദേഹം പരുക്കുകളോടെയെങ്കിലും തനിക്കൊപ്പം ഉണ്ടായേനെ എന്നും ലക്ഷ്മി പറയുന്നു. ബാലുവിന് പകരം അപകടത്തില്‍ താനായിരുന്നു മരിച്ചതെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉയരില്ലായിരുന്നു എന്നും ലക്ഷ്മി പറയുന്നു.

ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പി എന്നയാളെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് സത്യം പോലീസ് അന്വേഷണത്തില്‍ പുറത്തുവരട്ടെയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. മാനേജര്‍ ആയിരുന്നു എന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി പറഞ്ഞു.

അടുത്തിടെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കള്ള കേസില്‍ പ്രതികളെന്ന് കണ്ടെത്തിയവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി എത്തിയിരുന്നു. ഈ വാര്‍ത്തകള്‍ വ്യജമാണെന്നും ബാലുവിന്റെ ഒന്ന് രണ്ട് പരിപാടികള്‍ ഇവരുമായി നടത്തിയിട്ടുണ്ടെന്ന് മാത്രമേ ഉള്ളുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതേ സമയം ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലഭാസ്‌കറിന്റെ ബന്ധു രംഗത്തെത്തി. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ബന്ധു പറയുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും ദുരൂഹതയുണ്ടെന്നും സംശയിച്ച് പിതാവ് സി.കെ. ഉണ്ണി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബാലുവിന് എന്തെങ്കിലും സാന്പത്തിക ഇടപാടുകളുണ്ടായിരുന്നോ എന്നാണു ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

ബാലഭാസകറിന്റെയും മകളുടെയും മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി വെളിപ്പെടുത്തിയിരിക്കുകയാണ്. ബാലുവിന്റെ കാര്‍ അപകടത്തില്‍പെട്ട് 10 മിനുറ്റിനുള്ളില്‍ അതുവഴി കടന്ന് പോകുമ്പോള്‍ വാഹനം കണ്ട് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കടത്തി വിട്ടതിനാല്‍ ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യാത്ര മുന്നോട്ട് പോയിട്ടാണ് അത് ബാലഭാസ്‌കര്‍ ആണെന്ന് അറിയുന്നത്. അപകട സ്ഥലത്ത് കണ്ട ചില കാഴ്ചകള്‍ തനിക്ക് സംശയം തോന്നിച്ചിരുന്നെന്നും ഒരാള്‍ അവിടെ നിന്നും ഓടി പോവുന്നത് കണ്ടെന്നും മറ്റൊരാള്‍ സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് തള്ളുന്നത് കണ്ടെന്നും സോബി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook