പാതിയിൽ മുറിഞ്ഞ വയലിന്റെ തന്ത്രികൾ പോലെ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം. 2018 സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തെത്തുടർന്നു ചികിത്സയിലായിരുന്നു ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്. ബാലു അവശേഷിപ്പിച്ച ശൂന്യതയിൽ അദ്ദേഹത്തെ ഓർക്കുകയാണു സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സി.

“നീ പോയിട്ട് ഒരു വർഷമായി, പക്ഷേ ഓർമകൾ ഇപ്പോഴും പുതുമയുള്ളതാണ്.. നീ അവശേഷിപ്പിച്ചു പോയ ശൂന്യത ഇനിയും നികത്താനായിട്ടില്ല. ഞങ്ങളുടെ ഹൃദയങ്ങളിൽ നീ എന്നേക്കും ജീവിക്കുന്നു. ഐ മിസ് യു, ബാല,” സ്റ്റീഫൻ കുറിച്ചു.

നിരവധി സ്റ്റേജ് പരിപാടികള്‍ ഒരുമിച്ച് അവതരിപ്പിച്ച ഇവര്‍ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മരിക്കുന്നതിനു മുമ്പ് ബാലഭാസ്‌കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫൻ പറഞ്ഞിരുന്നു. ഐസിയുവില്‍ വച്ച് അവസാനം സ്റ്റീഫന്‍ ബാലുവിനോട് സംസാരിച്ചത് വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചായിരുന്നുവെന്നും സ്റ്റീഫൻ പറഞ്ഞിരുന്നു.

Read More: പിറന്നാള്‍ ആശംസകള്‍ ബാല, ഒരുപാട് മിസ് ചെയ്യുന്നു; ബാലഭാസ്‌കറിനെ ഓര്‍ത്ത് സ്റ്റീഫന്‍ ദേവസി

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നു പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജങ്ഷനു സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

Read More: ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം

സിആർപിഎഫ് ജങ്ഷനു സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറെയും  ഭാര്യ ലക്ഷ്മിയെയും ഡ്രൈവർ അർജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാല ഓക്ടോബർ രണ്ടിനു ലോകത്തോട് വിടപറഞ്ഞു.

കാൽനൂറ്റാണ്ടോളം സംഗീതരംഗത്ത് സജീവമായിരുന്ന കലാകാരനാണു ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്കു പരിചയപ്പെടുത്തുന്നതു ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിനു ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook