തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അര്‍ജുന്റെ നിര്‍ണായക മൊഴി. വാഹനം അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്ന് അര്‍ജുന്‍ മൊഴി നല്‍കി. തൃശൂര്‍ മുതല്‍ കൊല്ലം വരെയാണ് താന്‍ വാഹനമോടിച്ചതെന്നും അപകട സമയത്ത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയും കാറിന്റെ മുന്‍ഭാഗത്താണ് ഉണ്ടായിരുന്നതെന്നും അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി.

കൊല്ലത്ത് വച്ച് താനും ബാലഭാസ്‌കറും കരിക്കിൻ ഷേക്ക് കുടിച്ചു. അതിന് ശേഷം താൻ പിൻസീറ്റിലിരുന്ന് ഉറങ്ങിപ്പോയി. അവിടുന്നിങ്ങോട്ട് ബാലഭാസ്‌കർ തന്നെയായിരുന്നു വണ്ടിയോടിച്ചത്. അപകടമുണ്ടായപ്പോൾ താൻ മയക്കത്തിലായിരുന്നുവെന്നും അർജുൻ കേസന്വേഷിക്കുന്ന മംഗലപുരം പൊലീസിന് മൊഴി നൽകി.

അപകടത്തിൽ കാലിനും നട്ടെല്ലിനും പരുക്കേറ്റ അർജുൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. തുടർ ചികിത്സയ്ക്കായി സ്വദേശമായ തൃശൂരിലേക്ക് പോയി. അതിന് മുമ്പാണ് ഇയാളുടെ മൊഴിയെടുത്തതെന്ന് അന്വേഷണസംഘം തലവൻ മംഗലപുരം എസ്‌ഐ അജയൻ പറഞ്ഞു.

സെപ്റ്റംബർ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പ്പെട്ടത്. മകൾ തേജ്വസിനി ബാല സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കർ ഓക്ടോബർ രണ്ടിന് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്‌മി ഇപ്പോഴും ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook