പാതിയില്‍ നിലച്ചൊരു ഈണം പോലെയാണ് വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ബാലുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇനിയും സാധിച്ചിട്ടില്ല. അപകടത്തില്‍ ബാലുവിനും മകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരുടേയും ഉള്ളില്‍ നോവായത് ലക്ഷ്മിയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിക്ക് ബോധം തെളിഞ്ഞുവെന്നും ലക്ഷ്മി കണ്ണുകള്‍ തുറന്നുവെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത.

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രശസ്ത സംഗീത സംവിധായകനും ബാലഭാസ്‌കറിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ സ്റ്റീഫന്‍ ദേവസ്സിയാണ് ഇക്കാര്യം അറിയിച്ചത്.

Read More: ‘ഗുരു പരമ്പര’യ്ക്ക് തുടക്കം കുറിച്ച പ്രതിഭ: ബാലഭാസ്‌കറിനെക്കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്‌

‘ലക്ഷ്മിയെക്കുറിച്ച് ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു. ലക്ഷ്മി കണ്ണുകള്‍ തുറന്നു. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. നമ്മള്‍ സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ ഇപ്പോള്‍ ലക്ഷ്മിക്ക് സാധിക്കും. പക്ഷെ തിരിച്ചൊന്നും പറയാന്‍ കഴിയില്ല. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നത്,’ സ്റ്റീഫന്‍ പറഞ്ഞു.

Read More: കർണാടക സംഗീതത്തെ മുറുകെ പിടിച്ച് പരീക്ഷണങ്ങളുടെ പുതു വഴി തുറന്ന കലാകാരന്‍

നിലവില്‍ വെന്റിലേറ്ററിലാണ് ലക്ഷ്മിയുള്ളത്. ബാലഭാസ്‌കറിന്റേയും മകളുടേയും വിയോഗം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച ആകുമ്പോളേയ്ക്കും ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും സ്റ്റീഫന്‍ പറഞ്ഞു. ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ എങ്ങനെ താങ്ങുമെന്ന് അറിയില്ല, ഇരുവരുടേയും കുടുംബം ഇക്കാര്യം എങ്ങനെ ലക്ഷ്മിയെ അറിയിക്കും എന്ന് വിഷമിച്ചിരിക്കുകയാണെന്നും എല്ലാം അറിയുമ്പോള്‍ ലക്ഷ്മിക്ക് അതിജീവിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു.

ഒക്ടബോര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിന്റെ അന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റ് ബാലഭാസ്‌കര്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി, സുഹൃത്ത് അര്‍ജുന്‍ എന്നിവര്‍ മാത്രമാണ് ബാക്കിയായത്..

വിവാഹതിരായി 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ പിറന്നത്. മകള്‍ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ