വായിച്ചുതീര്‍ക്കാനാകാത്ത വയലിന്‍ സംഗീതം പോലെ ബാലഭാസ്‌കറിന്റെ ജീവിതം പാതി വഴിയില്‍ നിലച്ചപ്പോള്‍ കാലാലോകത്തിന് അതൊരു വലിയ ആഘാതം തന്നെയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ വേദനയോടെ ഓര്‍ക്കുകയാണ് ഗാനഗന്ധവര്‍വ്വന്‍ കെ.ജെ യേശുദാസും സംഗീത സംവിധായകന്‍ ദീപക് ദേവും.

നഷ്ടമായത് സംഗീതത്തിന്റെ ഒരംശമാണെന്നും ആ ദുഃഖത്തെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകളില്ലെന്നും യേശുദാസ് പറഞ്ഞു. ഇനി ചിന്തിക്കേണ്ടത് ആ കുടുംബത്തിലുള്ള ബാക്കിയുള്ളവരെ സമാധാനിപ്പിക്കുക എന്നതാണെന്നും ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപക് ദേവിന് പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായിരുന്നു ബാലഭാസ്‌കര്‍. ആ നഷ്ടം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് ഇനിയും ആയിട്ടില്ല. വര്‍ഷങ്ങളായുള്ള ബന്ധമാണ് ഇരുവരുടേയും. ബാലു ജീവിതത്തിലേക്ക് തിരിച്ചു വരും എന്നു തന്നെയാണ് കരുതിയതെന്നും മരിക്കും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇനി ബാലു ഇല്ല എന്ന് മനസിലാകുന്ന അവസ്ഥ താങ്ങാന്‍ പറ്റാത്തതാണ്. ബാലുവായിട്ട് 10 വര്‍ഷത്തില്‍ കൂടുതലുള്ള പരിചയമാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. യാത്രകള്‍ പോയിരുന്നു. അന്ന് ബാലുവിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ ഉണ്ടായപ്പോള്‍ പറഞ്ഞത് എന്റെ ആ ആഗ്രഹം സഫലമായി എന്നാണ്. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. പക്ഷേ വിധി ആദ്യം കുഞ്ഞിനെ തിരികെ വിളിച്ചു. ബാലുവും ലക്ഷ്മിയും ഇതറിയുമ്പോള്‍ എങ്ങനെ താങ്ങും എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക. പക്ഷേ ഇപ്പോള്‍ ബാലുവും പോയിരിക്കുന്നു. ജീവിതം വളരെ അപ്രതീക്ഷിതമാണ്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല’ ദീപക്‌ദേവ് പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ഇരുവരുടേയും പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ