ബാലഭാസ്കർ തന്റെ മാന്ത്രികവിരലുകളാൽ വയലിനിൽ മാന്ത്രികസംഗീതം മീട്ടുമ്പോൾ അതു കേട്ടിരിക്കുന്ന മകൾ തേജസ്വിനി ബാലയും ലക്ഷ്മിയും. കുടുംബത്തെ പ്രാണനായി സ്നേഹിച്ച ബാലു എന്ന ഗൃഹനാഥനെ അറിയുന്നവർക്കും ബാലുസംഗീതത്തെ സ്നേഹിച്ചവർക്കും വേദനയോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ല.

കണ്ണിൽ നനവു പടരാതെ ബാലഭാസ്കറിനെ കുറിച്ചോർക്കാതിരിക്കാൻ കഴിയാത്തൊരു പകലിനാണ് കേരളം സാക്ഷിയാവുന്നത്. മലയാളികളുടെ വാർത്താ ചാനലുകളും സോഷ്യൽ മീഡിയ ടൈംലൈനുകളും ബാലഭാസ്കറിനുള്ള ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ശ്രുതിതെറ്റാതെ ഹൃദയത്തോട് സംവദിച്ച് ഒഴുകികൊണ്ടിരിക്കുന്ന ഒരു ഈണം പെട്ടെന്ന് നിലച്ചതുപോലൊരു ശൂന്യതയാണ് ബാലഭാസ്കറിന്റെ മരണം ബാക്കി വെയ്ക്കുന്നത്.

വയലിനിസ്റ്റും സംഗീതഞ്ജനുമായ ബാലഭാസ്കർ 2000 ഡിസംബർ 16 നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തന്റെ സഹപാഠിയായ ലക്ഷ്മിയെ ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കുന്നത്. 22-ാം വയസ്സിൽ ഗൃഹനാഥന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നു പിറന്ന മകളാണ് ജാനി എന്നു ബാലു സ്നേഹത്തോടെ വിളിച്ചിരുന്ന തേജസ്വിനി ബാല.

മകളുടെ ജനനത്തിനു ശേഷം, തിരക്കുകൾക്കിടയിൽ പോലും മകൾക്കൊപ്പം സമയം ചെലവഴിക്കാൻ ഓടിയെത്തുന്ന ബാലുവിനെയാണ് പിന്നീട് സുഹൃത്തുക്കൾ കണ്ടത്. 16 വർഷത്തിന്റെ കാത്തിരിപ്പിനു ശേഷം ജനിച്ച മകളുടെ പേരിൽ നേർന്ന വഴിപാടുകൾ നടത്തി വരുന്ന വഴിയേയാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം തേജസ്വിനിയുടെ ജീവിതം കവർന്നത്. അപകടം നടക്കുമ്പോഴും അച്ഛന്റെ മടിയിൽ ഉറങ്ങുകയായിരുന്നു ബാലുവിന്റെ പ്രിയപ്പെട്ട ജാനി. മകൾ മരിച്ചതറിയാതെ ഒരാഴ്ചയോളം ജീവിതത്തിനും മരണത്തിനും ഇടയിൽ പൊരുതിയെങ്കിലും ഇന്നു പുലർച്ചെ ബാലഭാസ്കറും യാത്ര പറഞ്ഞു.

മകളെ നഷ്ടമായത് അറിയാതെ, മകൾക്കൊപ്പം അവളുടെ ലോകത്തേക്ക് ബാലഭാസ്കർ മടങ്ങുമ്പോൾ മകളും ബാലുവും പോയതറിയാതെ ഭൂമിയിൽ ലക്ഷ്മി തനിച്ചാവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook