‘ജീവിതം എന്നത് ഇത്രയേ ഉള്ളൂ, പകരക്കാരന്‍ എപ്പോഴും റെഡിയാണ്…’ പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു പോസ്റ്റിന്റെ തലവാചകമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ബാലഭാസ്‌കര്‍ ചെയ്യാമെന്നേറ്റിരുന്ന സംഗീത പരിപാടിക്ക് സംഘാടകര്‍ പകരം ആളെ കണ്ടെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നത്.

Read More: ‘ഒന്നിനുമല്ലാതെ..’ ബാലഭാസ്‌കര്‍ വിരിയിച്ച നാദങ്ങള്‍ക്ക് ഒരിതള്‍പ്പൂവുമായി ബിജിബാല്‍

ബാലഭാസ്‌കറിനു പകരം വയലിന്‍ കലാകാരന്‍ ശബരീഷ് പ്രഭാകറിനെയാണ് സംഘാടകര്‍ പരിപാടിക്കായി സമീപിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.  ബാലഭാസ്‌കറിന്റെ മരണത്തിനു തൊട്ടുപിന്നാലെ പരിപാടിക്ക് പുതിയ ആളെ തിരഞ്ഞെടുത്തതിന്റെ പ്രതിഷേധമായിരുന്നു പോസ്റ്റില്‍ നിറയെ.

സംഘാടകര്‍ക്കെതിരെയും ശബരീഷിനെതിരേയും വളരെ വൈകാരികമായ ഭാഷയിലായിരുന്നു പലരും പ്രതിഷേധം അറിയിച്ചത്. ബാലഭാസ്‌കറിനെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയുടെ പഴയ പോസ്റ്ററും ശബരീഷിനെ ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്ററും സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ശബരീഷ് പ്രഭാകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റുകളില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് ശബരീഷ് പറയുന്നു.

“എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന്‍ കഴിയില്ല. കര്‍ണാടക സംഗീതജ്ഞന്‍ മാത്രമായ എനിക്ക് വയലിനില്‍ ഇങ്ങനെയൊരു സാധ്യത തുറന്നിട്ട് തന്നത് ബാലുച്ചേട്ടനാണ്. അദ്ദേഹം ഇതിഹാസ കലാകാരനാണ്. എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്” ശബരീഷ് തുറന്നു പറയുന്നു.

“ബാലുച്ചേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അറിഞ്ഞു കൊണ്ടാണ് ഞാന്‍ ഈ പരിപാടിക്ക് വരാമെന്നേറ്റത്. അന്നത്തെ സാഹചര്യം അതായിരുന്നു. ബാലു ചേട്ടന്‍ ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അതേറ്റെടുക്കുക എന്നല്ലാതെ കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് മറ്റ് മാർഗ്ഗമില്ലായിന്നു”, ശബരീഷ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

“പിന്നെ ബാലു ചേട്ടന്‍ ചെയ്യാമെന്നേറ്റ പരിപാടിയുടെ ഉദ്ദേശ്യശുദ്ധി നിങ്ങള്‍ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. എല്ലാത്തിനും ബാലുച്ചേട്ടന്റെ കുടുംബം സാക്ഷിയാണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന് പകരക്കാരനാകില്ല”, ശബരീഷ് ആവര്‍ത്തിക്കുന്നു.

Read More: പ്രാര്‍ത്ഥനകളോടെ ബാലുവിന് വിട നല്‍കി കലാകേരളം

ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിന്റെ അന്ത്യം. ഇന്നലെ രാവിലെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു ബാലഭാസ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്‌കര്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook