വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ വിയോഗത്തിന്റെ സങ്കടത്തില്‍ നിന്നും നാളുകള്‍ കഴിഞ്ഞിട്ടും കര കയറിയിട്ടില്ല അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ദിവസം കൂടും തോറും കൂടി കൂടി വരുന്ന വേദന സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്കപ്പെടുന്ന കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബാലഭാസ്കറിന്റെ ചിതാഭസ്മം ഒഴുക്കി എന്നും ഇത് വരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്ന ഒരു വീഡിയോ റിലീസ് ചെയ്യുന്നു എന്നും കുറിച്ച് മെന്റ്റലിസ്റ്റ് ആദിയാണ് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്. ആദ്യമായി മകള്‍ ജാനി ബാലഭാസ്കര്‍ പെര്‍ഫോം ചെയ്യുന്ന വേദിയില്‍ എത്തിയ നിമിഷങ്ങളാണ് ആദി പങ്കു വച്ച വീഡിയോയില്‍ ഉള്ളത്. മകള്‍ വേദിയില്‍ തന്നെ ആദ്യം കാണുന്ന ആ സ്പെഷ്യല്‍ അവസരത്തില്‍, താരാട്ട് പാട്ടുകളില്‍ പതിവായി ഉപയോഗിക്കുന്ന, വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്കര്‍ തേജസ്വിനിയ്ക്ക് വേണ്ടി വയലിനില്‍ വായിച്ചത്.
ഒക്ടബോര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്കറിന്റെ അന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റ് ബാലഭാസ്കര്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയത്.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി, സുഹൃത്ത് അര്ജുന് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
Read More: ‘ഗുരു പരമ്പര’യ്ക്ക് തുടക്കം കുറിച്ച പ്രതിഭ: ബാലഭാസ്കറിനെക്കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്
ബാലുവും മകളും പോയതറിയാതെ ലക്ഷ്മി അബോധാവസ്ഥയിലായിരുന്നു ഏറെ നാള്. രണ്ടു ദിവസം മുന്‍പ് അവര്‍ കുറച്ചു നേരത്തേക്ക് ബോധത്തിലേക്ക് വന്നു എന്നും കണ്ണുകള്‍ തുറന്നുവെന്നും അറിയിച്ചു പ്രശസ്ത സംഗീത സംവിധായകനും ബാലഭാസ്കറിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ സ്റ്റീഫന്‍ ദേവസ്സി രംഗത്ത് വന്നിരുന്നു.
‘ലക്ഷ്മിയെക്കുറിച്ച് ഒരുപാട് പേര് അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു. ലക്ഷ്മി കണ്ണുകള്‍ തുറന്നു. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. നമ്മള് സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ ഇപ്പോള്‍ ലക്ഷ്മിക്ക് സാധിക്കും. പക്ഷെ തിരിച്ചൊന്നും പറയാന്‍ കഴിയില്ല. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നത്,’ സ്റ്റീഫന്‍ പറഞ്ഞു.
Read More: കർണാടക സംഗീതത്തെ മുറുകെ പിടിച്ച് പരീക്ഷണങ്ങളുടെ പുതു വഴി തുറന്ന കലാകാരന്
നിലവില്‍ വെന്റിലേറ്ററിലാണ് ലക്ഷ്മിയുള്ളത്. ബാലഭാസ്കറിന്റേയും മകളുടേയും വിയോഗം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച ആകുമ്പോളേയ്ക്കും ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും സ്റ്റീഫന്‍ പറഞ്ഞു. ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ എങ്ങനെ താങ്ങുമെന്ന് അറിയില്ല, ഇരുവരുടേയും കുടുംബം ഇക്കാര്യം എങ്ങനെ ലക്ഷ്മിയെ അറിയിക്കും എന്ന് വിഷമിച്ചിരിക്കുകയാണെന്നും എല്ലാം അറിയുമ്പോള്‍ ലക്ഷ്മിക്ക് അതിജീവിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു.