പാതിമുറിഞ്ഞ ഒരീണം പോലെയായിരുന്നു സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അകാലത്തിലെ വേർപാട്. ജീവിച്ചിരുന്നെങ്കിൽ ബാലുവിന് ഇന്ന് 41ാം പിറന്നാൾ. പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി.

“ജന്മദിനാശംസകൾ ബാല. നമ്മൾ പങ്കിട്ട ഓർമകൾ ഞാൻ എപ്പോഴും ഓർക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അതിനിയും അങ്ങനെ ആയിരിക്കും. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു സുഹൃത്തേ,” സ്റ്റീഫൻ കുറിച്ചു. സ്റ്റീഫനും ബാലുവും ഡ്രമ്മർ ശിവമണിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More: പ്രാര്‍ത്ഥനകളോടെ ബാലുവിന് വിട നല്‍കി കലാകേരളം

നിരവധി സ്റ്റേജ് പരിപാടികള്‍ ഒരുമിച്ച് അവതരിപ്പിച്ച ഇവര്‍ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫൻ പറഞ്ഞിരുന്നു. ഐസിയുവില്‍ വച്ച് അവസാനം സ്റ്റീഫന്‍ ബാലുവിനോട് സംസാരിച്ചത് വരാനിരിക്കുന്ന പരിപാടികളെ കുറിച്ചായിരുന്നു.

Read More: ബാലുവും മോളുമില്ലാതെ എനിക്കെന്തിനാണ് പണവും സ്വര്‍ണവും: ലക്ഷ്മി ബാലഭാസ്‌കര്‍

2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ലക്ഷ്മി ജീവിതത്തിലേക്കുള്ള മടങ്ങി വരവിലാണ്.

Read More: ബാലഭാസ്കർ ഇനി ഓർമ്മ

വിവാഹതിരായി 16 വർഷങ്ങൾക്കുശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകൾ പിറന്നത്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook