അപകടവാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ കാത്തിരുന്നത് ബാലഭാസ്‌കര്‍ വയലിനും പിടിച്ച് മുഖത്തൊരു ചിരിയുമായ സ്‌റ്റേജില്‍ വീണ്ടും നില്‍ക്കുന്ന ആ ദിവസത്തിനു വേണ്ടിയായിരുന്നു. വയലിനില്‍ മാജിക് തീര്‍ത്ത ബാലഭാസ്‌കര്‍ ഒരു തലമുറയുടെ മനസില്‍ പ്രണയംകൂടി തീര്‍ത്താണ് മടങ്ങുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ നിനക്കായ്, ആദ്യമായ് എന്നീ ആല്‍ബങ്ങളിലെ ഓരോ പാട്ടുകളും ഓരോ വരികളും പ്രണയത്തിനു പകരം ഉള്ളുപൊള്ളിക്കുകയാണ്. കൗമാരക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലും ഓര്‍മകളിലും ബാലഭാസ്‌കര്‍ സംഗീതം പകര്‍ന്ന ഗാനങ്ങളാണ്.

നാട്ടില്‍ സിഡി പ്ലെയറുകള്‍ പോപ്പുലറായി തുടങ്ങുന്ന കാലമാണ്. ചുരുക്കം വീടുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവിടങ്ങളില്‍ മുഴുവനും ഈ ആല്‍ബങ്ങളുടെ ഡിസ്‌ക്കുകള്‍ ഉണ്ടായിരുന്നു. ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടവും, ആദ്യമായ് കണ്ടനാളും, നിനക്കായ് തോഴിയുമൊക്കെ ഒന്നിലേറെ തവണ കേട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ നെയ്‌തെടുത്ത കാലം.

പിന്നീട് ഏഷ്യാനെറ്റ് പ്ലസിലെ മിസ്റ്റ് എന്ന ആല്‍ബം പരിപാടിയിലൂടെയായിരുന്നു ഈ പാട്ടുകള്‍ കൂടുതല്‍ പോപ്പുലറായത്. എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവരുടെ പ്രിയപ്പെട്ട പ്രണയഗാനങ്ങളില്‍ ഒന്നാണ് രാജീവ് പരമേശ്വറും ശാരികാ മേനോനും അഭിനയിച്ച നിനക്കായ് എന്ന ആല്‍ബത്തിലെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന പാട്ട്. പരിപാടിയിലേക്ക് വിളിക്കുന്നവര്‍ ഈ പാട്ട് ചോദിക്കണേ എന്നാഗ്രഹിച്ച് ടിവിയിലേക്ക് കണ്ണുംനട്ടിരിക്കും.

രാധികയും റിയാസും അഭിനയിച്ച ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെല്ലാം എന്നപാട്ടായിരുന്നു ഹിറ്റ്‌ലിസ്റ്റിലെ അടുത്തത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ വരികളെഴുതി ബാലഭാസ്‌കറിന്റെ മാന്ത്രിക സംഗീതത്തില്‍ യേശുദാസും സുജാതയും ചേര്‍ന്നാലപിച്ച ഈ ഗാനം ഇപ്പോളും പ്ലേലിസ്റ്റിലെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ തന്നെയാണ്. ‘ഇനിവരില്ലൊരുനാളും എങ്കിലും തരളമാം പ്രണയമായെന്നോര്‍ത്തെന്നും നിനക്കുണരാം’ എന്ന വരികള്‍ മനസില്‍ പ്രണയത്തിന്റെ വേലിയേറ്റമുണ്ടാക്കിയ പ്രായം. ഇല്ലാത്ത പ്രണയത്തെ ഓര്‍ത്ത് ചുണ്ടില്‍ വിരിഞ്ഞ ചിരി കണ്ടുപിടിച്ച് മകള്‍ ‘വഴി തെറ്റി’പ്പോയോ എന്ന് സംശയിച്ച് ഇനിമേല്‍ ഈ വീട്ടില്‍ ആല്‍ബം പാട്ടുകള്‍ വച്ചുപോകരുതെന്നും പറഞ്ഞ് സിഡികള്‍ എടുത്ത് മാറ്റിവച്ച അമ്മമാരും പലവീടുകളിലുമുണ്ടാകും.

തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ വരികള്‍ക്കും നിങ്ങള്‍ ഈണമിട്ടത് ലക്ഷ്മിയെ മനസില്‍ ഓര്‍ത്തുകൊണ്ടാണെന്നു തന്നെ തോന്നുന്നു. ‘ശൂന്യമാമെന്‍ ഏകാന്തതയില്‍ പൂവിട്ടൊരനുരാഗമായ്, നീയൊരു സ്‌നേഹ വികാരമായി’ എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ നിങ്ങളുടെ പ്രണയമാണ് ഞങ്ങളിപ്പോള്‍ അറിയുന്നത്.

നിനക്കായ് തോഴീ പുനര്‍ജനിക്കാം
ഇനിയും ജന്മങ്ങളൊന്നു ചേരാം
അന്നെന്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം… എന്ന പാട്ടിന് എത്രത്തോളം പ്രണയം ചാലിച്ചായിരിക്കും ബാലഭാസ്‌കര്‍ സംഗീതം ഒരുക്കിയിട്ടുണ്ടാകുക.

സിനിമയ്ക്കപ്പുറമുള്ള പാട്ടിടങ്ങളിൽ പ്രണയത്തിന്റെ, വിരഹത്തിന്റെ, കാത്തിരിപ്പിന്റെയെല്ലാം ഈണങ്ങളിലൂടെ മലയാളിയെ വശീകരിച്ച സംഗീതജ്ഞൻ തന്നെയായിരുന്നു ബാലഭാസ്കർ. അത്രമേൽ പ്രണയത്തോടെ, അത്രമേൽ വേദനയോടെ മലയാളി മൂളുന്ന പാട്ടുകളിൽ നിങ്ങളുടെ ഓർമകളുണ്ടാകും. സൗമ്യമായ ആ ചിരിയുണ്ടാകും.

എത്രപേരുടെ ഓർകളിൽ വിഷാദത്തിന്റെ വയലിൻ വായിച്ചുകൊണ്ടാണ് ഒരുകലാകാരൻ വിടപറയുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് കണ്ണുകളടച്ച്, ചിരിച്ചുകൊണ്ട് വയലിൻ വായിക്കുന്ന ബാലഭാസ്കറിന്റെ, ടൈംലൈനിൽ നിറയുന്ന ചിത്രങ്ങളോരോന്നും. നേരിൽ കാണാതെയും മിണ്ടാതെയും സംഗീതത്തിലൂടെ മാത്രം ബാലഭാസ്കർ മലയാളികൾക്ക് എത്ര പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഈ ചിത്രങ്ങളോരോന്നും പറയുന്നു.

ഞങ്ങളുടെ തലമുറയെ ‘വഴിതെറ്റിച്ചു’കൊണ്ട് നിങ്ങള്‍ കടന്നു പോകുമ്പോള്‍, ബാലഭാസ്‌കര്‍, ലക്ഷ്മിക്കുവേണ്ടി, ഞങ്ങള്‍ക്കൊക്കെ വേണ്ടി നിങ്ങളൊന്ന് പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന് അത്രമേല്‍ ആഗ്രഹിച്ചു പോകുന്നു. ബാല്യവും കൗമാരവും പ്രണയവും ജീവിതവും ലക്ഷ്മിക്കു നല്‍കുമ്പോള്‍ സംഗീതം മാത്രം ഞങ്ങള്‍ക്കു നല്‍കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook