ബോളിവുഡിലെ വ്യത്യസ്തതയുടെ കൊടിയടയാളമാണ് ആയുഷ്മാന്‍ ഖുരാന എന്ന യുവതാരം. ഒരു നടനായാണ് അദ്ദേഹം തന്നെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നതാണ് ആ വ്യത്യസ്തയുടെ അടിസ്ഥാനം. ആ യാത്രയില്‍ ആയുഷ്മാന്‍ കൂട്ടു വിളിക്കുന്നത് അധികമാരും തൊടാന്‍ ധൈര്യം കാണിക്കാത്ത പ്രമേയങ്ങളേയും. ആദ്യ ചിത്രമായ ‘വിക്കി ഡോണര്‍’ മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ‘ബാല’ വരെ അങ്ങനെ വൈവിധ്യത്തിന്റെയും മികവിന്റെയും മാറ്റുരയ്ക്കലുകളാവുന്നു.

ദിനേശ് വിജന്‍ നിര്‍മ്മിച്ച്‌ അമര്‍ കൗശിക് സംവിധാനം ചെയ്ത ‘ബാല’യില്‍ കഷണ്ടിയുള്ള നായകനായാണ് ആയുഷ്മാന്‍ എത്തുന്നത്‌. ‘ബാല്‍’ (മുടി) ഇല്ലാത്ത ബാല്‍ മുകുന്ദ് ശുക്ല, ശരാശരി സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന തന്റെ ബാഹ്യരൂപവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് സിനിമ പ്രതിപാദിക്കുന്നത്.

‘ബാല’യുടെ റിലീസിന് മുമ്പേ സമാനമായ പ്രമേയമുള്ള ‘ഉജ്ഡാ ചമൻ’ എന്ന ചിത്രം പ്രദർശനത്തിനെത്തി. സണ്ണി സിംഗ് നായകനായെത്തിയ ‘ഉജ്ഡാ ചമൻ’, 2017-ൽ റിലീസായ ‘ഒന്തു മൊട്ടേയ കഥെ’ എന്ന കന്നട ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ്. മലയാളത്തിൽ ഇറങ്ങിയ വിനയ് ഫോർട്ടിന്റെ ‘തമാശ’യും ഇതേ ചിത്രത്തെ ആധാരമാക്കിയതായിരുന്നു. ഈ ചിത്രങ്ങളെല്ലാം പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയവയാണ് എങ്കിലും ബാഹ്യസൗന്ദര്യത്തിനു മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്ന ബോളിവുഡ്‌ ഇതിനെ എങ്ങനെ നോക്കിക്കാണും എന്നതാണ് ‘ബാല’ നേരിട്ട വെല്ലുവിളി. അതിനെ മറികടക്കാന്‍ ചിത്രത്തിന് ഏറെ സഹായകമായത് സമകാലിക ബോളിവുഡില്‍ തന്റേതായ ഇടം സ്ഥാപിച്ചെടുത്ത ആയുഷ്മാന്‍ ഖുരാനയുടെ സാന്നിദ്ധ്യമാണ്.

മറ്റേതെങ്കിലും നടന്, ഇത്രയും ലളിതമായി, അനായസമായി, ഇതിലേറെ ഭംഗിയായി ബാഹ്യസൗന്ദര്യമില്ലായ്മയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ പൂര്‍വ്വ ചിത്രങ്ങളെ എന്ന പോലെ തന്നെ ‘The film belongs to Ayushman Khurana’ എന്ന് പറയേണ്ടി വരും ‘ബാല’യുടെ കാര്യത്തിലും.

സ്വന്തം കഥ പറയുന്ന മുടി

സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന പത്തു വയസുള്ള ബാൽ മുകുന്ദ് ശുക്ല സമൃദ്ധമായ മുടിയിഴകൾക്ക് അവകാശിയാണ്. ചെറുപ്പത്തിലേ തന്നെ സിനിമാതാരങ്ങളെ അനുകരിച്ചും സിനിമാ ഡയലോഗുകളും തമാശകളും പറഞ്ഞും, അധ്യാപകന്റെ കഷണ്ടിയെ ആക്ഷേപിച്ചും, സഹപാഠിയായ പെൺകുട്ടിയുടെ ഇരുണ്ട നിറത്തെ കളിയാക്കിയും നടക്കുന്ന ബാല യൗവ്വനാവസ്ഥയിൽ എത്തുമ്പോള്‍ തന്റെ സൗന്ദര്യത്തിന് മുതല്‍കൂട്ടായിരുന്ന മുടി പതുക്കെ നഷ്ടപ്പെടുന്നതായി തിരിച്ചറിയുന്നു. കൊഴിഞ്ഞു തുടങ്ങിയ മുടി പോലെ പ്രണയവും പതിയെ കൊഴിഞ്ഞു പോകുന്നു. ഒരു ഹീറോയെപ്പോലെ ജീവിതം ആഘോഷിച്ച ബാല മുടി നഷ്ടപ്പെടുന്നതോടെ ഒരു ‘ലൂസര്‍’ ആകുന്നു. അച്ഛന്റെ കഷണ്ടിയാണ് തന്റെ പ്രശ്നത്തിനു കാരണമെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

‘Pretty You’ എന്ന ഫെയർനെസ് ക്രീമിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന, രാത്രി കാലങ്ങളില്‍ കോമഡി ഷോ നടത്തുന്ന ബാലയുടെ വിചിത്രവും അത്യന്തം രസകരവുമായ മുടി വളർത്തല്‍ പരിശ്രമങ്ങളാണ് ആദ്യ പകുതിയില്‍. വിഗ് വയ്ക്കാൻ തയ്യാറാകാതെ മുടി വളർത്താനുള്ള ഉപായങ്ങൾ സ്വയം കണ്ടെത്തുകയാണ് ബാല. ചാണകവും ഗോമൂത്രവും മുട്ടയും തുടങ്ങി പല പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴും ബാലയുടെ മുടി വളരാൻ കൂട്ടാക്കുന്നില്ല. പട്ടിയുടെ പൂടയെ പോലും അസൂയയോടെ നോക്കുന്ന അവസ്ഥ.

നഷ്ടപ്പെട്ട മുടി തിരികെ വരില്ലെന്ന് മനസ്സിലാക്കിയ ബാല അച്ഛൻ സമ്മാനിച്ച വെപ്പ്മുടി ഉപയോഗിക്കാൻ തയ്യാറാകുന്നു.ആത്മവിശ്വാസം തിരികെ കിട്ടിയ ബാല, ‘ടിക്ക് ടോക്ക്’ സ്റ്റാറും മോഡലുമായ പരിയെ (യാമി ഗൗതം) പരിചയപ്പെടുന്നതോടു കൂടി കഥ ഒരു വഴിത്തിരിവിൽ എത്തുന്നു. കഷണ്ടി മറച്ചു വച്ച് അവരെ വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി പറയുന്നത്.

ബാലയുടെ ഈ വിഷമാവസ്ഥയ്ക്ക് കാരണമാകുന്ന മുടി തന്നെയാണ് ബാലയുടെ കഥ പറയുന്നതും. അത്യന്തം രസകരമായ രീതിയില്‍ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ മുടി എന്ന ‘നരേറ്ററ്റിവ് ഡിവൈസ്’ വലിയ പങ്കു വഹിക്കുന്നു.

Image may contain: 3 people

ബാലയുടെ നായികമാര്‍

സമൂഹത്തിൽ ഒഴിയാബാധയായി നിൽക്കുന്ന ‘വെളുപ്പിനഴക്’ എന്ന ചിന്താഗതിയെയും ഈ സിനിമ ചോദ്യം ചെയ്യുന്നു. സൗന്ദര്യമുണ്ടെങ്കില്‍ പോലും നിറം വെളുപ്പല്ലെങ്കില്‍ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ് എന്നത് ഭൂമി പട്നെക്കര്‍ അവതരിപ്പിച്ച ലതികയുടെ കഥയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സൗന്ദര്യം തൊലിപ്പുറമേയല്ല അത് വ്യക്തിത്വത്തിലും സ്വഭാവസവിശേഷതയിലുമാണെന്ന് വീമ്പു പറയുകയും പക്ഷേ പ്രവർത്തനത്തിൽ വെളുപ്പിനോടുള്ള ‘obsession’ കാട്ടുകയും ചെയ്യുന്നവരാണ് സമൂഹത്തിലെ ഭൂരിപക്ഷം ജനതയും എന്നും സിനിമ പറയുന്നുണ്ട്.

കറുത്ത നിറത്തിൽ അപകർഷതാബോധം ഇല്ലാത്ത, ആത്മവിശ്വാസമുള്ള ലതിക. പരിഹസിക്കുന്നവർക്ക് താക്കീത് നൽകുകയും മറ്റുള്ളവരെ ബാഹ്യ സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന ലതിക മനോഹരമായ പാത്രസൃഷ്ടിയാണ്. ‘Looks is everything’ എന്ന് വിശ്വസിക്കുന്ന, ബാഹ്യ സൗന്ദര്യത്തിനും അതിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തിനായും കേഴുന്ന മോഡലായാണ് യാമി ഗൗതം എത്തുന്നത്‌. ബാലയുടെ സുഹൃത്തുക്കളും ഉപദേശകരുമായി എത്തുന്ന ജാവേദ് ജാഫ്രി, അഭിഷേക് ബാനർജി എന്നിരും ബാലയുടെ അച്ഛന്റെ വേഷത്തിലെത്തിയ സൗരഭ് ശുക്ലയും ‘ബാല’യുടെ കഥയ്ക്ക്‌ മുതല്‍കൂട്ടാവുന്നവരാണ്.

Image may contain: 7 people, people smiling, text

ബാലയുടെ തിരിച്ചറിവുകള്‍

സൗന്ദര്യത്തിന്റെ പ്രധാന അളവ്കോലുകളില്‍ ഒന്നായി തലമുടിയെ കണക്കാക്കുന്ന ഒരു സമൂഹത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് ‘Hair loss is identity loss’ എന്ന് ബാലയ്ക്ക് പറയേണ്ടി വരുന്നത്. കഷണ്ടിയുടെ പേരില്‍ കളിയാക്കപ്പെടുന്ന, ‘normalcy’ നിഷേധിക്കപ്പെടുന്ന കൂട്ടം ആളുകള്‍, അവര്‍ നേരിടുന്ന, നമ്മള്‍ ഒരിക്കലും അറിയാന്‍ ഇടയില്ലാത്ത അറിയാത്ത, പ്രതിസന്ധികളും മനസിക സംഘര്‍ഷങ്ങളും സിനിമ എടുത്തു കാട്ടുന്നുണ്ട്.

ബാലയുടെ തിരിച്ചറിവ് കാലക്രമേണയുള്ളതും അത് കൊണ്ട് തന്നെ വിശ്വാസയോഗ്യവുമാണ്. സ്വന്തം രൂപം അംഗീകരിക്കാൻ കഴിയാത്ത ഒരാളെ എങ്ങനെ മറ്റുള്ളവർക്ക് അംഗീകരിക്കാൻ കഴിയും എന്ന പരിയുടെ ചോദ്യമാണ് ബാലയെ തന്റെ ‘Insecurity’യിൽ നിന്നും പുറത്തെടുക്കുന്നത്. മുടി, നിറം, നീളം, വണ്ണം തുടങ്ങിയവയുടെ പേരില്‍ ‘Body Shaming’ അനുഭവിക്കുന്നവർക്ക് ബാഹ്യ സൗന്ദര്യമല്ല പ്രധാനം എന്നും അങ്ങനെ ബാലിശമായി ചിന്തിക്കുന്ന ഒരു സമൂഹത്തിന് വേണ്ടി നമ്മൾ എന്തിന് മാറണം എന്നും ബാല ചോദ്യമുയർത്തുന്നു. (Kyun badlenge hum, Hum kyun badlenge). സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് അതിന്റെ തുടക്കമെന്നും ബാല അനുഭവത്തിലൂടെ പഠിക്കുകയാണ്.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, തുടങ്ങിയ താരങ്ങളുടെ ശബ്ദവും മാനറിസവും അനുകരിച്ചും അതേ സമയം സീരിയസ് ആയി മാറുകയും ചെയ്യുന്ന ആയുഷ്മാന്‍ ഖുറാനയുടെ അഭിനയമികവ് എടുത്തു പറയേണ്ടതാണ്. ആയുഷ്മാന്റെ ആദ്യ പകുതിയിയെ ലുക്കും വിഗ്ഗ് ധരിച്ചത്തിന് ശേഷമുള്ള ലുക്കും തീര്‍ത്തും വിശ്വാസയോഗ്യമായി തന്നെ ഒരുക്കിയിരിക്കുന്നു. ആയുഷ്മാനും യാമിയും ചേർന്ന് ടിക്ക് ടോക്കിൽ ചെയ്യുന്ന ഗാനങ്ങൾ (Naah goriye, Gore gore mukhde pe’, Chandi jaisa rang hai tera) ബോളിവുഡിന്റെ ‘saturated’ നിറസങ്കല്പപങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. സച്ചിൻ-ജിഗർ സംഗീതം നൽകിയ ‘Tequila’ എന്ന ഗാനവും മനോഹരമാണ്.

ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചുള്ള കഥ പറയുന്ന ഈ സിനിമ ഹിന്ദി ഭാഷ നന്നായി മനസ്സിലാകുന്നവർക്ക് മാത്രമേ പൂർണ്ണമായും ആസ്വദിക്കാൻ കഴിയൂ. ഇത്തരം ഒരു ചിത്രത്തിനു പോലും ബോളിവുഡ് സെറ്റ് ചെയ്തിരിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഭൂമി പട്നെക്കറിന്റെ മുഖത്ത് കാണുന്ന കറുത്ത നിറച്ചായം. ‘Fair Complexion’ ഉള്ള നടിയുടെ മുഖത്ത് കറുത്ത നിറം വാരിപ്പൂശി,
നിറമില്ലായ്മയുടെ കഥ പറയുന്ന വിരോധാഭാസമാണ് അവിടെ കണ്ടത്.

ക്ലൈമാകക്സില്‍ എത്തുമ്പോള്‍ ചിത്രം വീണ്ടും മറ്റൊരു ഹൈലൈറ്റിലേക്ക് പോകുന്നുണ്ട്. ക്ലീഷേ ആയ ‘ഹാപ്പി എന്റിങ്’ ഒഴിവാക്കി ബാലയുടെ വ്യക്തിത്വ പുരോഗതിക്ക് ഊന്നൽ കൊടുക്കുന്ന ഇടത്താണ് സിനിമ അവസാനിക്കുന്നത്. ആയുഷ്‌മാൻ ഖുരാന ഷാരൂഖ് ഖാന്റെ ശബ്ദത്തിൽ “കം ഫാൾ ഇൻ ലവ് വിത്ത് യുവർസെൽഫ്” (Come fall in love with yourself) സിനിമ കാണുന്ന ഓരോരുത്തര്‍ക്കും അത് ചെയ്യാതിരിക്കനാവില്ല.

Read Here: Bala movie review: Hair we go again

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook