മാർച്ച് 7-ാം തീയതിയാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഒരു മാസമായി ആശുപത്രി വാസത്തിലാണ് ബാല. നാളുകൾക്ക് ശേഷം തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ താരം വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ബാലയുടെയും ഭാര്യ എലിസബത്തിന്റെയും രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തു.
രണ്ടു ദിവസത്തിനു ശേഷം തനിക്കൊരു മേജർ സർജറിയുണ്ടെന്നും മരണത്തിനുള്ള സാധ്യതയും എന്നാൽ അതിനാക്കാളേറെ അതിജീവിക്കാനുള്ള സാധ്യതയാണുള്ളതെന്നും ബാല പറയുന്നു. താരത്തിന്റെ ചിറ്റമ്മയും ചിറ്റപ്പനും വീഡിയോയിലുണ്ട്. കേക്ക് മുറിച്ച് വാർഷികം ആഘോഷിക്കുകയാണിരുവരും.
“ഒരു മാസമായി ഞാൻ ആശുപത്രി വാസത്തിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഈ വീഡിയോ ചെയ്യുന്നത്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് തിരിച്ചുവന്നത്. സർജറിയുണ്ടെങ്കിലും നെഗറ്റീവായിട്ട് ഒന്നും ചിന്തിക്കുന്നില്ല” ബാല പറയുന്നു.
“ഞങ്ങളുടെ ആദ്യ വിവാഹ വാർഷികത്തിന് ഡാൻസ് ചെയ്തുള്ള വീഡിയോയാണ് പങ്കുവച്ചത്. ഈ തവണ നൃത്തം ചെയ്യാൻ കഴിയാത്തതു കൊണ്ടാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. മൂന്നാം വിവാഹ വാർഷികത്തിൽ ഞങ്ങൾ വീണ്ടും ഡാൻസുമായി എത്തും” ഭാര്യ എലിബത്ത് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മകളെ കാണണമെന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കളോട് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മകൾക്കും കുടുംബത്തിനുമൊപ്പം മുൻ ഭാര്യ അമൃത ആശുപത്രിയിൽ എത്തിയിരുന്നു.