മാർച്ച് 7-ാം തീയതിയാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രണ്ടു മാസമായി ആശുപത്രി വാസത്തിലായിരുന്നു ബാല. ആശുപത്രിയിലായിരിക്കെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം ഒരു വീഡിയോയും പങ്കുവച്ചിരുന്നു. ബാലയുടെയും ഭാര്യ എലിസബത്തിന്റെയും രണ്ടാം വിവാഹ വാർഷികത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് താരം ഷെയർ ചെയ്തത്.
ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ രോഗാവസ്ഥയെ കുറിച്ച് പറയുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടു മാസത്തോളമായി തങ്ങൾ അതീവ ടെൻഷനിലായിരുന്നെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നുമാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്.
“കഴിഞ്ഞ ഒന്നു രണ്ടു മാസത്തോളമായി വിഷമം നിറഞ്ഞ അവസ്ഥയായിരുന്നു. ഒരുപാട് പേർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു, ചിലർ ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. എല്ലാവർക്കും ഒരുപാട് നന്ദി. ഇപ്പോൾ പേടിക്കേണ്ട അവസ്ഥയെല്ലാം മാറിയിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, എന്നാലും ഭയക്കാനൊന്നും തന്നെയില്ല” എലിസബത്ത് പറഞ്ഞു.
താൻ കുറച്ചു നാളത്തേക്ക് ജോലിക്ക് പോകുന്നില്ലെന്നും വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചെന്ന് എലിസബത്ത് പറയുന്നു. തുടർന്ന് ചാനലിൽ വീഡിയോകൾ പങ്കുവയ്ക്കുന്നതായിരിക്കുമെന്നും ചികിത്സയും മറ്റും സുഖമമായി മുന്നോട്ടു പോകാനായി പ്രാർത്ഥനകൾ ആവശ്യമാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.