അടുത്ത കാലത്തായി ചൈനക്കാര്‍ക്ക് ഏറെയിഷ്ടം ബോളിവുഡ് ചിത്രങ്ങളാണെന്ന് തോന്നുന്നു. ആമിര്‍ ഖാന്‍ ചിത്രങ്ങളായ ദംഗലും സീക്രട്ട് സൂപ്പര്‍സ്റ്റാറും ചൈനയില്‍ കോടികള്‍ വാരിയതിന് പിന്നാലെ സല്‍മാന്‍ ഖാന്റെ ബജ്റംഗി ഭായ്ജനും ബോക്സോഫീസില്‍ അത്ഭുതം തീര്‍ക്കുന്നു. മാര്‍ച്ച് 2ന് റിലീസ് ചെയ്ത ചിത്രം ഒറ്റ ദിനം തന്നെ 2.8 മില്യണ്‍ ഡോളര്‍ (18 കോടി രൂപ) ആണ് വാരിയത്.

8000 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ദംഗലിന്റെ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് ദംഗല്‍ 72.68 കോടി രൂപയായിരുന്നു ചൈനയില്‍ നിന്നും നേടിയത്. ഇന്ത്യയില്‍ റിലീസ് ചെയ്ത് 30 മാസങ്ങള്‍ക്ക് ശേഷമാണ് സല്‍മാന്‍ ചിത്രം റിലീസ് ചെയ്തതെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

നവാസുദ്ദീന്‍ സിദ്ദിഖിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപ്തി മിശ്ര, ഓം പുരി തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങള്‍. തെലുങ്ക് സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ