ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിനു തയ്യാറായിരിക്കുകയാണ് ബാഹുബലി രണ്ട് എന്നറിയപ്പെടുന്ന ബാഹുബലി ദി കൺക്ലൂഷൻ. ലോകമെമ്പാടുമുള്ള 9,000 സ്ക്രീനുകളില്‍ ആവും ബാഹുബലി റിലീസ് ചെയ്യുക. ഇന്ത്യന്‍ സിനിമയെ തന്നെ മാറ്റിമറിക്കുന്നതാവും ബാഹുബലി രണ്ട്  റിലീസ് എന്ന് സംവിധായകന്‍ രാജമൌലി അവകാശപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ  10 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയെന്നു  ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്  സൈറ്റ്  ബുക്ക് മൈ ഷCOO ആശിഷ് സക്സേന പറഞ്ഞു.

വ്യായാഴ്ച്ച മുംബൈയില്‍ കാണിക്കുന്ന പ്രീമിയറില്‍ പങ്കെടുക്കുന്നതിനു തയ്യാറായി നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം.

അതേസമയം, മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്ക് കിട്ടിയിട്ടില്ലാത്ത അന്താരാഷ്ട്ര ശ്രദ്ധയാണ് ബാഹുബലിക്ക്  ലഭിച്ചിരിക്കുന്നത്. യു എസ്സില്‍ മാത്രമായി 1,100 സ്ക്രീനുകളില്‍ ആവും ബാഹുബലി റിലീസ് ആക്കുക. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലാവും പ്രദര്‍ശനം. കാനഡയില്‍ 150 ഓളം സ്ക്രീനുകളില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കും. യഥാര്‍ത്ഥ ഐമാക്സ് ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമകൂടിയാണ് ബാഹുബലി രണ്ട്.

ബാഹുബലിയുടെ ഹിന്ദി പതിപ്പ് ന്യൂസീലാന്റ്  നിരവധി കേന്ദ്രങ്ങളിൽ റിലീസ് ചെയ്യുന്നുണ്ട്. ന്യൂസിലാണ്ടിനു പുറമേ, ഫിജി ദ്വീപും ഓസ്ട്രേലിയയും ബാഹുബലിയുടെ റിലീസ് കാത്തിരിക്കുകയാണ്. തമിഴ് സിനിമയ്ക്ക് ധാരാളം പ്രേക്ഷകരുള്ള മലേഷ്യയില്‍ ബാഹുബലി എത്തുന്നത് തമിഴിലാണ്. യുകെ യിലും ഇന്നുവരെയില്ലാത്ത അത്രയും വലിയ റിലീസ് ആണ് ബാഹുബലിക്കായി ഒരുങ്ങിയിട്ടുള്ളത് എന്ന്  സിനിമാവൃത്തങ്ങൾ അറിയിക്കുന്നു.

കേരളവും ബാഹുബലിയെ വരവേല്‍ക്കുന്നത് സമാനതകളില്ലാത്ത ആഘോഷത്തോടെയാണ്. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് എന്നീ മൂന്നുതരം തിയേറ്ററുകളിലും ബാഹുബലി റിലീസ് ചെയ്യുന്നുണ്ട്. എന്നിട്ടും ടിക്കറ്റ് കിട്ടാതെ നെട്ടോട്ടം ഓടുകയാണ് ബാഹുബലി ആരാധകര്‍. മള്‍ട്ടി പ്ലക്സുകളിലും മാളുകളില്‍ ഉള്ള തിയേറ്റര്‍ സമുച്ചയങ്ങളിലും നേരത്തെ തന്നെ ടിക്കറ്റുകൾ വിറ്റ് തീര്‍ന്നിരുന്നു. ഈ വാര്‍ത്ത എഴുതികൊണ്ടിരിക്കുമ്പോള്‍ എറണാകുളത്തെ എല്ലാ തിയേറ്ററുകളിലും ബാഹുബലി ഹൗസ്‌ഫുൾ ആയി കഴിഞ്ഞിരിക്കുന്നു.

എറണാകുളത്തു നിന്നും മുപ്പത്തേഴു കിലോമീറ്റര്‍ അപ്പുറമുള്ള പെരുമ്പാവൂര്‍ വരെ പോവേണ്ടി വരും ഇനിയൊരു ടിക്കറ്റ് ലഭിക്കാന്‍ !

2015-ല്‍ ബാഹുബലി ദി ബിഗിന്നിങ് എന്ന പേരില്‍ ഇറങ്ങിയ ബാഹുബലിയുടെ രണ്ടാമത്തെ പരമ്പരയ്ക്ക് ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ