ബാഹുബലി 2 വിന്റെ വൻ വിജയത്തിനുപിന്നാലെ നിരവധി പരസ്യദാതാക്കളാണ് നടൻ പ്രഭാസിനെ സമീപിക്കുന്നത്. ഏവർക്കും ഒരേയൊരു ലക്ഷ്യം മാത്രം. പ്രഭാസിനെ തങ്ങളുടെ ബ്രാൻഡ് അംബാസിഡറാക്കുക. ഇതിനായി വൻ തുക പ്രഭാസിന് നൽകാനും ഇവർ തയാറാണ്. പക്ഷേ 37 കാരനായ പ്രഭാസിന് ഇതിനോടൊന്നും താൽപര്യമില്ലെന്നാണ് വിവരം.

ഷൂസ്, ഫിറ്റ്നസ് ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രമോഷനുവേണ്ടിയാണ് താരത്തെ പ്രധാനമായും പലരും സമീപിക്കുന്നത്. എന്നാൽ ഇപ്പോൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുളള മാനസിക അവസ്ഥലയിലല്ല പ്രഭാസ്. അതിനാൽതന്നെ വലിയൊരു തുകയുടെ പരസ്യമാണ് പ്രഭാസ് വേണ്ടെന്നുവച്ചത്.

”പ്രഭാസിനെ നിരവധി പരസ്യ ബ്രാൻഡുകൾ സമീപിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം നലവിൽ ആരോടും സമ്മതം മൂളിയിട്ടില്ല. ഒരു പരസ്യ കമ്പനി തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആകാനായി 18 കോടി രൂപ പ്രഭാസിന് ഓഫർ ചെയ്തു. എന്നാൽ പ്രഭാസ് ഇത് നിരസിച്ചു”- അദ്ദേഹത്തിന്രെ വക്താവ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രശസ്ത പരസ്യദാതാക്കളുടെ ഓഫറുകൾ പ്രഭാസ് വേണ്ടെന്നു വയ്ക്കുന്നത് ഇതാദ്യമല്ല. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫർ പ്രഭാസിന് ലഭിച്ചിരുന്നതായും എന്നാൽ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകൻ എസ്.എസ്. രാജമൗലി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

നിലവിൽ യുഎസിലാണ് പ്രഭാസ്. ഒരു മാസത്തിനുശേഷം മാത്രമേ താരം ഇന്ത്യയിലേക്ക് മടങ്ങി വരൂ. തിരിച്ചു വന്നാൽ തന്റെ പുതിയ ചിത്രമായ സാഹോയ്ക്കൊപ്പം ചേരും. ജൂലൈയിലാണ് സാഹോയുടെ ഷൂട്ടിങ് തുടങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ