ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആഗോളതലത്തിൽതന്നെ എങ്ങും ബാഹുബലി തരംഗമാണ്. ചിത്രം റിലീസ് ചെയ്തതിനുപിന്നാലെ ഇതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്തിരിക്കുകയാണ്. ആദ്യദിനത്തിൽ 217 കോടി രൂപയായിരുന്നു ചിത്രം നേടിയത്. രണ്ടാം ദിനത്തിൽ കളക്ഷൻ 380 കോടി കടന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഹാപ്പി ന്യൂ ഇയർ, കിക്ക്, ക്രിഷ് 3 എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളെയാണ് രണ്ടു ദിവസത്തിനുളളിൽ ബാഹുബലി 2 തകർത്തതെന്നാണ് വിവരം.

ആദ്യദിനം 121 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽനിന്നും നേടിയത്. വിദേശ ബോക്സ് ഓഫിസിൽനിന്നും 152 കോടിയും ഗൾഫിൽനിന്നും 65 കോടി രൂപയും നേടിയിരുന്നു. ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ സര്‍വകാല റെക്കോർഡുകള്‍ തകര്‍ക്കുമെന്നാണ് പ്രവചനങ്ങള്‍. ഇന്ത്യയിൽ ചിത്രം 500 കോടി കടക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ 500 കോടി കടക്കുന്ന ആദ്യ ചിത്രം എന്ന അംഗീകാരം ബാഹുബലി 2 സ്വന്തമാക്കും. ഈ റെക്കോർഡ് കടക്കുകയെന്നത് ഇനി വരുന്ന ചിത്രങ്ങൾക്ക് തികച്ചും വെല്ലുവിളി നിറഞ്ഞതായിരിക്കും.

ആമിർ ഖാന്റെ ദംഗൽ, സൽമാൻ ഖാന്റെ സുൽത്താൻ എന്നീ ചിത്രങ്ങളുടെ റെക്കോർഡ് ആദ്യദിന കളക്ഷനിൽതന്നെ ബാഹുബലി 2 മറികടന്നിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ലോകമെമ്പാടുമായി 9,000 സ്ക്രീനുകളിലാണ് ബാഹുബലി 2 റിലീസ് ചെയ്തത്. ഇന്ത്യയിൽ മാത്രം 6500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ