അമിതാഭ് ബച്ചനും താപ്സി പാന്നുവും പ്രധാന വേഷത്തിലെത്തുന്ന ‘ബദ്‌ല’ ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഷാരൂഖ് ഖാന്റെ നിർമ്മാണകമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യന്തം ഉദ്വേഗജനകമായ ദൃശ്യാനുഭവമാണ് ‘ബദ്‌ല’ സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നത്. സംവിധായകൻ സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘ബദ്‌ല’ ഒരു ത്രില്ലർ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നത്. പ്രതീക്ഷകൾ വെറുതെയായില്ലെന്നും, ട്രെയിലർ നിലനിറുത്തിയ ഉദ്വേഗം അതു പോലെ നിലനിർത്താൻ ചിത്രത്തിനു ആകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഒരു സ്പാനിഷ് ത്രില്ലറായ ‘ദ ഇൻവിസിബിൾ ഗസ്റ്റ്’ എന്ന ചിത്രത്തിന്റെ റിമേക്കാണ് ‘ബദ്‌ല’.

‘ഇന്നലെ രാത്രി ‘ബദ്‌ല’ കണ്ടു, തീർന്നപ്പോൾ വിഷമം തോന്നി. ആദ്യം മുതൽ അവസാനം വരെ സീറ്റിൽ അക്ഷമയോടെ ഇരുന്നാണ് ചിത്രം കണ്ടത്. എന്തൊരു മനോഹരമായ സസ്പെൻസ് ചിത്രമാണ്,’ എന്നാണ് നടി സോയ മൊറാനി ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

ചിത്രത്തിലെ അമിതാഭ് ബച്ചന്റെയും താപ്സിയുടെ അഭിനയത്തെ പ്രകീർത്തിക്കുകയാണ് പ്രേക്ഷകർ. തങ്ങളുടെ കഥാപാത്രത്തോട് ഏറെ നീതി പുലർത്താൻ ബച്ചനും താപ്സിയ്ക്കും കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

‘പിങ്ക്’ എന്ന ചിത്രത്തിനു ശേഷം തപ്‌സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബദ്‌ല’യ്ക്കുണ്ട്. ഒരു അഭിഭാഷകന്റെ വേഷത്തിൽ ബിഗ് ബി എത്തുമ്പോൾ താന്‍ അകപ്പെട്ട കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ ഈ അഭിഭാഷകന്റെ സഹായം തേടുന്ന യുവതിയായാണ് തപ്‌സി എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ