ബേബി ശാലിനിയേയും ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ, ബേബി ശാലിനിയുടെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമകളിൽ പ്രേക്ഷകർ കണ്ടതിലും കൂടുതൽ സ്മാർട്ടായ ശാലിനിയെ ആണ് വീഡിയോയിൽ കാണാനാവുക. സെറ്റിലെ എല്ലാവർക്കും നിർദ്ദേശങ്ങൾ നൽകുന്ന വായാടി പെൺകുട്ടി സഹപ്രവർത്തകരെയും ചിരിപ്പിക്കുകയാണ്.
ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ അനിയത്തി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.
ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.
Read more: അനിയത്തിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ശാലിനി; വൈറലായി ചിത്രങ്ങൾ