“ഊണ് കഴിഞ്ഞാൽ കേമമായിട്ട് ഒരു ഉറക്കം, അതിനു മുൻപ് ഒരു ഗ്ലാസ് രസം, അത് നിർബന്ധാ…” കൊച്ചുവായിൽ വലിയ വർത്തമാനം പറയുന്ന നിറപറ പരസ്യത്തിലെ ഈ കൊച്ചുമിടുക്കിയെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. ഈ വർഷങ്ങൾക്കിടയിൽ എത്ര തവണ നമ്മളോരോരുത്തരും ഈ പരസ്യം കണ്ടിട്ടുണ്ടാവുമെന്ന് പറയുക സാധ്യമല്ല. ഈ പരസ്യത്തിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കിയത് ബേബി നിവേദിത എന്ന ബാലതാരമായിരുന്നു. നിവേദിത ഇപ്പോൾ കോഴിക്കോട് എൻ ഐടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.

നിവേദിതയെ മാത്രമല്ല, ചേച്ചി നിരഞ്ജനയും മലയാളികൾക്ക് സുപരിചിതയാണ്. ബേബി ശാലിനി- ശ്യാമിലി സഹോദരിമാർക്ക് ശേഷം മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി നിരഞ്ജന- നിവേദിത സഹോദരിമാർ. ‘തന്മാത്ര’യിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് ബേബി നിരഞ്ജന ശ്രദ്ധ നേടിയപ്പോൾ, ‘ഭ്രമരം’, ‘കാണാകൺമണി’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബേബി നിവേദിത ശ്രദ്ധ നേടിയത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് ഈ കൊച്ചുമിടുക്കികൾ കവർന്നത് പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളാണ്.
സിനിമയിൽ ധാരാളം അവസരങ്ങൾ തേടിയെത്തിയപ്പോൾ തന്നെ അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോൾ കോഴിക്കോട് എൻ ഐടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. നിരഞ്ജന മെക്കാനിക്കൽ എഞ്ചിനീയറിംഗ് അവസാന വർഷവിദ്യാർത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗിനു ബിരുദവിദ്യാർത്ഥിനിയും.
അബുദാബിയിൽ സർക്കാർ ഉദ്യോഗസ്ഥനും കണ്ണൂർ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയിൽ ജനിച്ചു വളർന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. “ഞങ്ങൾ ഇവിടെ ആയതുകൊണ്ട് സിനിമാ ഷൂട്ടിംഗിനായി ഇടയ്ക്കിടെ നാട്ടിലേക്ക് വരുന്നത് ബുദ്ധിമുട്ടായിരുന്നു. ക്ലാസ്സുകൾ മിസ്സ് ചെയ്യും. ഇവിടെയാണെങ്കിൽ കൂടുതൽ ലീവാകുന്നതൊക്കെ സ്കൂളിൽ പ്രശ്നമാണ്. അങ്ങനെയാണ് അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ രണ്ടുപേരുടെയും അഭിനയം നിർത്തിയത്. അവർ പ്രൊഫഷണൽ ഡിഗ്രിയെന്തെങ്കിലും സ്വന്തമാക്കണം എന്നു ഞങ്ങൾക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞിട്ട് അവർ അവരുടെ പാഷനെ പിന്തുടർന്നോട്ടെ എന്നു കരുതി,” നിവേദിത-നിരഞ്ജന സഹോദരിമാരെ കുറിച്ച് അമ്മ പ്രസീത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ചെറുപ്പത്തിൽ ഓരോ സിനിമയിലും തിരിച്ച് അബുദാബിയിലേക്ക് തന്നെ തിരിച്ചു വരുന്നതുകൊണ്ട് സിനിമയുടെ ഫെയിം ഒന്നും ഞങ്ങൾ അധികം അനുഭവിച്ചിട്ടില്ല. സിനിമ എന്നു പറയുമ്പോൾ ഇപ്പോഴും സന്തോഷിപ്പിക്കുന്നത്, അതിന്റെ മേക്കിംഗ് പ്രോസസ് തന്നെയാണ്. സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അഭിനയത്തോട് ഇപ്പോഴും പാഷനുണ്ട്. നിരവധി നല്ല സംവിധായകരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി, അതുകൊണ്ടു തന്നെ ഫിലിം മേക്കിംഗ് കൂടി പഠിക്കണം എന്നാണ് ആഗ്രഹം. 12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴേ പോകണമെന്നായിരുന്നു പ്ലാൻ. പക്ഷേ ആദ്യം നല്ലൊരു പ്രൊഫഷണൽ ഡിഗ്രി കയ്യിലുണ്ടാവണം എന്ന് അച്ഛനുമമ്മയും പറഞ്ഞു. മെറിന് സ്ട്രിപ് ഒക്കെ പഠിച്ചിറങ്ങിയ ജൂലിയാർഡ് യൂണിവേഴ്സ്റ്റിയിലോ ന്യൂയോർക്ക് ഫിലിം അക്കാദമിയിലോ പോയി പഠിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,” നിവേദിത പറയുന്നു.
“ഇപ്പോൾ എഞ്ചിനീയറിംഗും അവർ എനിക്കു വേണ്ടി ചെയ്യുന്നതാണ്. പ്ലസ് ടുവിനൊക്കെ 95 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിരുന്നു രണ്ടുപേർക്കും, ഫിസിക്സിലൊക്കെ നല്ല സ്കോറും. അതാണ് എഞ്ചിനീയറിംഗിനു വിടാം എന്നോർത്തത്. എഞ്ചിനീയറിംഗിന്റെ സർട്ടിഫിക്കറ്റ് നേടി എന്നെ ഏൽപ്പിച്ചിട്ട് അവരുടെ പാഷനെ പിൻതുടരാനാണ് രണ്ടുപേരുടെയും പ്ലാൻ. സിനിമയെ കുറിച്ചും സിനിമോട്ടോഗ്രാഫിയെ കുറിച്ചുമൊക്കെ വിദേശ യൂണിവേഴ്സിറ്റികളിൽ പോയി പഠിക്കണം എന്നാണ് രണ്ടാളുടെയും പ്ലാൻ,” പ്രസീത കൂട്ടിച്ചേർക്കുന്നു.
‘ഭരത് ചന്ദ്രൻ ഐപിഎസ്’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബ്ലെസി ചിത്രം ‘തന്മാത്ര’യിൽ മോഹൻലാലിന്റെയും മീരാ വസുദേവിന്റെയും മകളായി അഭിനയിച്ചു. ‘തന്മാത്ര’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നിരവധി അവാർഡുകളും നിരഞ്ജനയെ തേടിയെത്തി. ‘കാക്കി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചിരുന്നു. മൂന്നു ചിത്രങ്ങൾക്ക് കൊണ്ടു തന്നെ മലയാളക്കരയുടെ സ്നേഹം കവരാൻ ഈ കൊച്ചുസുന്ദരിയ്ക്ക് കഴിഞ്ഞു.

സംവിധായകൻ ബ്ലെസിയാണ് നിവേദിതയെ കണ്ടെത്തുന്നത്. ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു നിവേദിതയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ബ്ലെസിയുടെ ‘ഭ്രമരം’ എന്ന ചിത്രത്തിലും നിവേദിത അഭിനയിച്ചു. ‘കാണാകൺമണി’, ‘മോസ് ആൻഡ് ക്യാറ്റ്’, ‘ഇന്നത്തെ ചിന്താവിഷയം’ എന്നിങ്ങനെ ആറോളം സിനിമകളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചതിനു ശേഷമാണ് നിവേദിത അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. ‘കാണാകൺമണി’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും നിവേദിത സ്വന്തമാക്കിയിരുന്നു.
ജീവിതത്തിന്റെ പുതിയ അധ്യായമാണ് എൻ ഐടി ജീവിതം നിരഞ്ജനയ്ക്കും നിവേദിതയ്ക്കും സമ്മാനിക്കുന്നത്. അബുദാബിയിലെ അന്തരീക്ഷത്തിൽ ജനിച്ചുവളർന്ന നിരഞ്ജനയ്ക്ക് ആദ്യത്തെ ഒന്നു രണ്ടു വർഷം അതിജീവനത്തിന്റേതായിരുന്നു എന്നു പ്രസീത ഓർക്കുന്നു. “പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കൽ, സ്ഥലങ്ങൾ പഠിക്കൽ ഒക്കെയുമായി അഡ്ജസ്റ്റാവാൻ രണ്ടുപേരും ആദ്യം സമയമെടുത്തു. ഇപ്പോൾ എല്ലാം പഠിച്ചെടുത്തു. പ്ലസ് ടു കഴിഞ്ഞപ്പോൾ ഇനി യുഎഇയിൽ പഠിക്കേണ്ട, ഒന്നുകിൽ കാനഡയിലോ അമേരിക്കയിലോ പോവണം, അല്ലെങ്കിൽ ഇന്ത്യ, എന്നതായിരുന്നു അവരുടെ തീരുമാനം. അവരും നാടും നാട്ടിലെ രീതികളും ശീലിക്കട്ടെ എന്ന് ആഗ്രഹിച്ചാണ് കോഴിക്കോട്ടേക്ക് വിട്ടത്,” പ്രസീത പറയുന്നു.
“അബുദാബിയിൽ ആരും ആരുടെയും കാര്യത്തിൽ അത്ര ആകുലരല്ല. ഇവിടെ പക്ഷേ അങ്ങനെയല്ല. എവിടെ പോവുന്നു, എന്താ കാര്യം എന്നൊക്കെ ചോദ്യങ്ങളാണ്. ചിലപ്പോൾ അതൊക്കെ നല്ലതാണ്, ആരൊക്കെയോ നമുക്കുണ്ടെന്നു തോന്നും. എന്നാൽ മറ്റു ചിലപ്പോൾ നമ്മുടെ പേഴ്സണൽ സ്പെയ്സിലേക്കാണ് ആ ചോദ്യങ്ങൾ വരുന്നത് .അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗിൽ നല്ല വ്യത്യാസമുണ്ട്. എന്നാലും ഇപ്പോൾ എല്ലാം ശീലമായി,” നാട്ടിലെ ജീവിതത്തെ കുറിച്ച് നിവേദിത.
“കോഴിക്കോട് ഒരു വ്യത്യസ്ത വൈബ് ഉള്ള സ്ഥലമാണ്. കുറേ നല്ല സുഹൃത്തുക്കളെയൊക്കെ ഇവിടെ കിട്ടി. ഇവിടെ ആയതുകൊണ്ട് ഫ്രണ്ട്സിനൊപ്പം സിനിമകളൊക്കെ ധാരാളമായി പോയി കാണുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ അടുത്തിടെ ഫ്രണ്ട്സിനൊപ്പം പോയി കണ്ടു, നിരഞ്ജന പറയുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ ആണ് അടുത്തിടെ കണ്ടതിൽ നിരഞ്ജനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം.
വളരെ ചെറുപ്പത്തിൽ അഭിനയിച്ചതുകൊണ്ട് അക്കാലം കൃത്യമായി ഓർമ്മയൊന്നുമില്ല രണ്ടുപേർക്കും. “‘കാണാകൺമണി’, ‘മോസ് ആൻഡ് ക്യാറ്റ്’ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു എനിക്ക് കൂടുതൽ പെർഫോമൻസിനുള്ള അവസരം ഉണ്ടായിരുന്നത്. ആ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളൊക്കെ ഇപ്പോഴും ഓർക്കാറുണ്ട്. പ്രൊഡക്ഷനിലെ അങ്കിൾമാരെയും ലൊക്കേഷനുകളുമൊക്കെ ചിലപ്പോൾ ഓർമ്മ വരും,” നിവേദിത ഓർക്കുന്നു.
“ലാലങ്കിളിനെ (മോഹൻലാൽ) പിന്നെയും അബുദാബിയിൽ വന്ന സമയത്ത് കണ്ടിരുന്നു. ‘അറബിയും ഒട്ടകവും’ സിനിമയുടെ ഷൂട്ടിംഗിന് വന്നപ്പോഴും മീറ്റ് ചെയ്തു. അടുത്തിടെ ‘തന്മാത്ര’ സിനിമയെ കുറിച്ചുള്ള ഒരു പരിപാടിയ്ക്ക് ഇടയിലും എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി,” നിരഞ്ജന പറയുന്നു.
സുഹൃത്തുക്കളും പഠനത്തിരക്കുകളുമൊക്കെയായി തിരക്കിലാണ് ഈ സഹോദരിമാർ ഇപ്പോൾ. പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏൽപ്പിച്ച് തങ്ങളുടെ പാഷനെ പിൻതുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികൾക്ക് കാണാം. സിനിമയെന്നത് കുഞ്ഞുനാളിൽ മനസ്സിൽ വേരുറച്ച ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് ഇരുവർക്കും.
Read more: അഭിനയത്തേക്കാൾ ഇഷ്ടം പാട്ടിനോട്: ശ്രീരഞ്ജിനി പറയുന്നു