വിവാഹത്തോടെ സിനിമാജീവിതത്തില്‍ നിന്നും പിന്മാറിയ നടി അസിന്‍ തോട്ടുങ്കല്‍ അമ്മയായി. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്.

മാലാഖ പോലൊരു പെണ്‍കുഞ്ഞ് ജനിച്ച വിവരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ അസിന്‍ ആരാധകരെ അറിയിച്ചു. തന്നോടുള്ള സ്നേഹത്തിനും ആശംസയ്ക്കും നന്ദി പറഞ്ഞ അസിന്‍ തനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനമാണ് മകള്‍ എന്നും കൂട്ടിച്ചേര്‍ത്തു.

അസിനും ഭര്‍ത്താവും

മലയാളത്തില്‍ നിന്നും തമിഴിലേക്കും പിന്നീടു ബോളിവുഡിലേക്കും ചേക്കേറിയ അസിന് നാളെ 31 വയസ്സ് തികയും.

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

Read More: അസിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രം ആദ്യമായി പങ്കുവച്ച് അക്ഷയ് കുമാർ

തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

തമിഴിൽ വൻ ഹിറ്റായ ‘ഗജിനി’ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോൾ നായികയായതും അസിൻ ആയിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. അതിനുശേഷം ലണ്ടൻ ഡ്രീംസ് എന്ന ഹിന്ദി ചിത്രത്തിലും അസിൻ അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook