/indian-express-malayalam/media/media_files/uploads/2022/07/Baburaj-1.jpg)
സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുകയാണ് ഒറ്റപ്പാലം പൊലീസ്. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി താരദമ്പതികൾ 3.14 കോടി രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് റിയാസിന്റെ പരാതി.
എന്നാൽ, ഇത് കള്ളക്കേസാണെന്നും കൂദാശ എന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത വാണി വിശ്വനാഥിനെയും കേസിലേക്ക് വലിച്ചിഴച്ചുവെന്നാണ് ബാബുരാജ് പ്രതികരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം.
"ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ ഒഎംആർ പ്രൊഡക്ഷൻസ് (OMR productions) 2017ൽ പുറത്തിറക്കിയ 'കൂദാശ' സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത്. താമസം, ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണ്. ഏകദേശം 80 ലക്ഷത്തിൽ താഴെയാണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്. സിനിമ പരാജയമായിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം, ഭക്ഷണം, ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്.
നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴിയാണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ ഫ്ളെക്സ് ബോർഡ് വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു. എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ് പി ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശപ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ വിശദാംശങ്ങൾ കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള ക്കേസാണ്. അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം. ഒരു കാര്യം ഞാൻ പറയാം, ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളിൽ' ഞാൻ ഉറച്ചു നിൽക്കും," ബാബുരാജ് കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.