സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് അറിയാൻ പ്രത്യേകിച്ച് അവരുടെ ബാല്യകാലത്തെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് എപ്പോഴും കൗതുകമാണ്. പല സെലിബ്രിറ്റികളും ഇടയ്ക്കിടെ അവരുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലരേയും കാണുമ്പോൾ ഇന്നത്തെ രൂപത്തോട് യാതൊരു സാദൃശ്യവും തോന്നില്ല.
ഇപ്പോഴിതാ, മലയാളത്തിന്റെ ആക്ഷൻ കിങ് ബാബു ആന്റണി പങ്കു വച്ച ഒരു പഴയകാല ചിത്രമാണ് ശ്രദ്ധ കവരുന്നത്. ബാബു ആന്റണിയ്ക്ക് അരികെ നിൽക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ താരം. നടൻ അല്ലു അർജുന്റെ കുട്ടിക്കാലചിത്രമാണിത്. ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിത്. താരങ്ങൾക്കൊപ്പം താരപുത്രന്മാരും അന്ന് വെക്കേഷനായി ഗോവയിലെത്തിയിരുന്നുവെന്ന് ബാബു ആന്റണി കുറിക്കുന്നു.

മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് അല്ലു അർജുൻ. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് അല്ലു മലയാളികൾക്കിടയിൽ സുപരിചിതനായത്. കേരളത്തിൽ ഫാൻസ് അസോസിയേഷനുള്ള ചുരുക്കം തെലുങ്ക് താരങ്ങളിൽ ഒരാൾ. പലപ്പോഴും കേരളത്തിൽ വന്നിട്ടുള്ള താരം കൂടിയാണ് അല്ലു.
‘വിജേത’ എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ പ്രവേശനം. അമ്മാവൻ ചിരഞ്ജീവിയുടെ ‘ഡാഡി’ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലും അല്ലു അർജുൻ അഭിനയിച്ചിരുന്നു. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ഗംഗോത്രി(സിംഹകുട്ടി) എന്ന ചിത്രത്തിലൂടെയാണ് പിന്നീട് അല്ലു നായകനായത്. ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാൽ പിന്നീട് പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമാണ് അല്ലുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.
പിന്നീട് ബണ്ണി, ഹാപ്പി, ദേശമുഡുരു(ഹീറോ), ബദ്രിനാഥ്, ആര്യ 2, വേദം, രുദ്രമദേവി, അല വൈകുണ്ഠപുരമുലോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അല്ലു യുവാക്കൾക്കിടയിൽ തരംഗമായി മാറി.
തെലുങ്ക് സിനിമാലോകത്തെ പ്രശസ്തമായ സിനിമാകുടുംബത്തിൽ നിന്നുമാണ് അല്ലുവിന്റെ വരവ്. അച്ഛൻ അല്ലു അരവിന്ദ് തെലുങ്കിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവാണ്. അല്ലു വെങ്കിടേഷ്, അല്ലു സിരീഷ് എന്നിവരാണ് അല്ലുവിന്റെ സഹോദരങ്ങൾ. ഇതിൽ അല്ലു സിരീഷും അഭിനേതാവാണ്.
അല്ലുവിന്റെ മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതാക്കളാണ്. അല്ലുവിന്റെ കസിനും ചിരഞ്ജീവിയുടെ മകനുമായ രാം ചരൺ തേജയും ഇന്ന് തെന്നിന്ത്യയ്ക്ക് സുപരിചിതനാണ്.
സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. 2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
Read more: സിനിമ പോലൊരു പ്രണയകഥ; പത്താം വിവാഹവാർഷികം ആഘോഷിച്ച് അല്ലു അർജുനും സ്നേഹയും