ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിതമാണ് ‘ലിയോ.’ വിക്രത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിനു വൻ ഹൈപ്പാണുള്ളത്. ലോകേഷ് സിനിമ യൂണിവേഴ്സിലെ അടുത്ത ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പേര് അനൗസ് ചെയ്ത ടീസറിനു തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. കശ്മീരായിരുന്നു ലിയോയുടെ പ്രധാന ലൊക്കേഷൻ. മലയാളികളായ മാത്യൂ തോമസ്, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വിജയ്‌യെ കണ്ടതിന്റെയും ചിത്രത്തിൽ അഭിനയിക്കാനായതിന്റെയും സന്തോഷം പറഞ്ഞ് ബാബു ആന്റണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഇളയ ദളപതി വിജയ് സറിനൊപ്പമുള്ള ചിത്രം. വളരെ വിനയവും സ്നേഹവുമുള്ള മനുഷ്യനാണ് അദ്ദേഹം. പൂവിഴയ് വാസലിലേ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ഞാൻ അഭിനയിച്ച ചിത്രങ്ങൾ അദ്ദേഹം ആസ്വദിച്ചു എന്നു കേട്ടപ്പോൾ സന്തോഷം തോന്നി. എന്റെ ഒരു ചെറിയ ആരാധകനുമാണെന്ന് പറഞ്ഞു, അതുകേട്ടപ്പോൾ ഞാൻ ഞെട്ടി” വിജയ്‌ക്കൊപ്പം ചിത്രം പങ്കുവച്ച് ബാബു ആന്റണി കുറിച്ചു
താൻ ആദ്യമായിട്ടാണ് വിജയ്നെ കാണുന്നതെന്നും ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ലോകേഷ് കനകരാജിന്റെയടുത്ത് നന്ദിയും ബാബു ആന്റണി പറയുന്നുണ്ട്.
കശ്മീരിലെ നീണ്ട നാളത്തെ ഷൂട്ടിനു ശേഷം കഴിഞ്ഞ ദിവസമാണ് ലിയോ ടീം ചെന്നൈയിലെത്തിയത്. ‘എ ട്രിബ്യൂട്ട് ടു ലിയോ ടീം’ എന്ന് കുറിച്ചൊരു വീഡിയോയും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. തൃഷ, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. എസ് എസ് ലളിത കുമാർ, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.