മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ഏറെ നാളുകൾക്ക് ശേഷം ആക്ഷൻ പാക്ക്ഡ് സിനിമകളുമായി മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് നടൻ. ബാബു ആന്റണിയോടൊപ്പം മകൻ ആർതർ ആന്റണിയും അച്ഛന്റെ വഴിയെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെയാണ് ആർതർ ആന്റണിയുടെ അരങ്ങേറ്റം.
ഇപ്പോഴിതാ, ഒരു രസകരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. മേക്കപ്പ് ആർട്ടിസ്റ്റും കുട്ടിക്കാലം മുതൽ തന്റെ ആരാധികയുമായ ഷെറിനൊപ്പമുള്ള ചിത്രമാണ് ബാബു ആന്റണി പങ്കുവച്ചിരിക്കുന്നത്. ആർത്തറും ചിത്രത്തിലുണ്ട്. അച്ഛന്റെയും മകന്റെയും ഉയരമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനനുസരിച്ച് രസകരമായ അടികുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
“ദൈവമേ എങ്ങനെ ഞാൻ ഫോട്ടോ എടുക്കും !!” എന്നാണ് ബാബു ആന്റണി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇരുവരുടെയും നടുക്ക് നിൽക്കുന്ന ഷെറിൻ മുഖം പൊത്തി ചിരിക്കുന്നതും കാണാം.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാറാണ്’ ബാബു ആന്റണി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം.
മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂടെയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു. മുൻപും അവസരങ്ങൾ ഈ പതിനാറുകാരനെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.