scorecardresearch
Latest News

ചേട്ടന് ശരിക്കും മാർഷൽ ആർട്ടൊക്കെ അറിയാമോ?; അവതാരകന്റെ സംശയം തീർത്ത് ബാബു ആന്റണി; വീഡിയോ

താരത്തിന്റെ നിർദ്ദേശപ്രകാരം അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച റിപ്പോര്‍ട്ടറെ ഈസിയായി ഡിഫന്‍ഡ് ചെയ്യുകയാണ് ബാബു ആന്റണി വീഡിയോയിൽ

ചേട്ടന് ശരിക്കും മാർഷൽ ആർട്ടൊക്കെ അറിയാമോ?; അവതാരകന്റെ സംശയം തീർത്ത് ബാബു ആന്റണി; വീഡിയോ

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി പഴയത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

ബാബു ആന്റണി ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. “ഞാൻ ഒരു യഥാർത്ഥ ആയോധന കലാകാരനാണോ അതോ നടനാണോ ?? കൈരളി ടിവി റിപ്പോർട്ടർക്ക് സംശയമുണ്ടായിരുന്നു,” എന്ന കുറിപ്പോടെയാണ് ബാബു ആന്റണി രസകരമായ വീഡിയോ പങ്കുവച്ചത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ആയോധന കലകളിലെ ഏതെങ്കിലും ഒരു ഐറ്റം പ്രേക്ഷകർക്കായി കാണിക്കാനായിരുന്നു റിപ്പോർട്ടർ ബാബു ആന്റണിയോട് ആവശ്യപ്പെട്ടത്. ഒരാള്‍ പെട്ടെന്ന് ആക്രമിക്കാൻ വന്നാല്‍ എങ്ങനെ അതിനെ നേരിടാമെന്നതിന്റെ ഡെമോയും ബാബു ആന്റണി കാണിച്ചുകൊടുത്തു. താരത്തിന്റെ നിർദ്ദേശപ്രകാരം അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച റിപ്പോര്‍ട്ടറെ ഈസിയായി ഡിഫന്‍ഡ് ചെയ്യുന്ന ബാബു ആന്റണിയേയും വീഡിയോയിൽ കാണാം.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. റിപ്പോർട്ടർ ഇപ്പോൾ ആയിരിക്കും ഓണത്തുമ്പി ഒക്കെ പറക്കുന്നത് കണ്ടത്, ചോദിച്ചു വാങ്ങിയല്ലേ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാറാണ്’ ബാബു ആന്റണി മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും അച്ഛന്റെ വഴിയെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെയാണ് ആർതർ ആന്റണിയുടെ അരങ്ങേറ്റം. മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂ‌ടെയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു. മുൻപും അവസരങ്ങൾ ഈ പതിനാറുകാരനെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Babu antony kairali tv onam interview funny video