മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്റണി ഹോളിവുഡിലേക്ക്. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഞ്ചു തവണ മിക്‌സഡ് മാര്‍ഷ്യൽ ആര്‍ട്‌സിൽ ജേതാവായ റോബര്‍ട്ട് ഫര്‍ഹാം കേന്ദ്രകഥാപാത്രമായെത്തുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലർ ചിത്രമാണ്. നായകന്റെ സുഹൃത്തിന്റെ വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്. ലോക ബോക്‌സിങ് താരം ടോണി ദി ടൈഗര്‍ ലോപ്പസും ആയോധനകലയില്‍ വൈദഗ്ധ്യം നേടിയ ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

‘മാർകസ് ബ്ലേഡ്സ് എന്ന ഒരു വാടകക്കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. വളർന്നുവരുന്ന ഒരു ആർബി(റിഥം ആൻഡ് ബ്ലൂസ്) പാട്ടുകാരനെ കിഡ്‌നാപ് ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മാർക്കസിന്റെ യാത്രയും പ്രതികാരവുമൊക്കെയാണ് കഥാപശ്ചാത്തലം. ഏപ്രിൽ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളും ബാബു ആന്റണി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു.

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബു ആന്റണിയുടെ ആദ്യഹോളിവുഡ് ചിത്രത്തെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

Read more: സവിശേഷമായ ആകാരവും ഇരുത്തം വന്ന അഭിനയവും: ‘കായംകുളം കൊച്ചുണ്ണി’യില്‍ കൈയ്യടി നേടുന്ന ബാബു ആന്റണി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ