ആമിർ ഖാന്റെ ‘മഹാഭാരതം’ പ്രോജക്റ്റിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ്. ബാഹുബലിയുടെ തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാഭാരതത്തെ ആസ്പദമാക്കി ഒരു ഐതിഹാസിക ചലച്ചിത്ര പരമ്പര ആമിർ കുറച്ചുകാലമായി ആസൂത്രണം ചെയ്യുകയാണ്.

“മഹാഭാരതവുമായി ബന്ധപ്പെട്ട് ഞാനും ആമിർ ഖാനും തമ്മിൽ ചർച്ചകൾ നടത്തി. തിരക്കഥയുടെ ജോലികൾ ഞങ്ങൾ ഉടനെ ആരംഭിക്കും. പദ്ധതിയെക്കുറിച്ച് ഈ ഘട്ടത്തിൽ അധികം സംസാരിക്കുന്നത് അനുചിതമല്ല,” വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

എഴുപത്തിയെട്ടുകാരനായ വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ എസ് എസ് രാജമൗലി എഴുതുന്ന ‘ആർആർആർ’ എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി റിലീസിംഗ് കാത്തിരിക്കുകയാണ്. ബാഹുബലി സീരിസ്, ഭജരംഗി ഭായ്‌ജാൻ, മണികർണിക എന്നീ ചിത്രങ്ങൾക്ക് വേണ്ടി വിജയേന്ദ്ര പ്രസാദ് ഒരുക്കിയ തിരക്കഥകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോക്ക്ഡൗൺ കാലത്തും കഥയെഴുത്തുമായി സജീവമായിരുന്നു വിജയേന്ദ്ര പ്രസാദ്. “എഴുത്ത് എന്റെ അഭിനിവേശമാണ്, ഞാൻ എഴുതിക്കൊണ്ടിരുന്നു, പക്ഷേ ഒന്നും വെളിപ്പെടുത്താൻ സമയമായിട്ടില്ല. എന്റെ അടുത്ത പ്രോജക്റ്റ് പുറത്തിറങ്ങാൻ ഇരിക്കുന്ന ‘ആർആർആർ’ ആണ്,” വിജയേന്ദ്ര പ്രസാദ് കൂട്ടിച്ചേർത്തു.

രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആറി’ൽ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർക്കൊപ്പം തെലുങ്കിലെ മുൻനിര താരങ്ങളായ രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവരും കൈകോർക്കുന്നുണ്ട്. 2021 ജനുവരിയിൽ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസിനെത്തും.

Read more: കമലഹാസനോട് ‘നോ’ പറഞ്ഞ് അജയ് ദേവ്ഗൺ; കൈകൊടുത്തത് രാജമൗലിയ്ക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook