സിനിമാ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കൺക്ളൂഷന്റെ റിലീസിനായി. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം വൻ തരംഗമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്.

പ്രതീക്ഷകൾ ഉയർത്തി കൊണ്ട് ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതുവരെയുളള പോസ്റ്ററുകളിൽ നിറഞ്ഞ് നിന്നത് അമരേന്ദ്ര ബാഹുബലിയും ദേവസേനയും ബല്ലാല ദേവയുമാണെങ്കിൽ പുതിയ പോസ്റ്ററിലുളളത് മഹേന്ദ്ര ബാഹുബലിയാണ് (ശിവദു). എതിരാളികളെ നേരിടാനായി വീര്യത്തോടെ പാഞ്ഞടുക്കുന്ന മഹേന്ദ്ര ബാഹുബലി. വീണു കിടക്കുന്ന ഒരു മരത്തിലൂടെ ഓടികയറി അക്രമികളെ നേരിടാനൊരുങ്ങുന്ന ശിവദുയെന്ന മഹേന്ദ്ര ബാഹുബലിയാണ് പോസ്റ്ററിലുളളത്.

baahubali 2, baahubali the conclusion

2015ലാണ് മഹിഷ്‌മതിയുടെ കഥ പറഞ്ഞ എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് മുതലുളള കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലി ദി കൺക്ളൂഷന്റെ പ്രി റിലീസ് ഇന്ന് ഹൈദരാബാദിൽ നടക്കും.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്. നാല് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പത്ത് കോടിയിലധികം പേരാണ് കണ്ട് കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ