എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു ബാഹുബലി: ദ ബിഗിനിങ്. അതിന്റെ തുടർച്ചയായി 2017ൽ രണ്ടാം ഭാഗവുമെത്തി. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണാ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണൻ, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി റെക്കോർഡുകൾ തിരുത്തിയ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുന്നു.

Read More: എന്റെ ജീവിതവും ഇന്ത്യൻ സിനിമയും എക്കാലത്തേക്കുമായി മാറി മറിഞ്ഞിട്ട് ഇന്നേക്ക് രണ്ടുവർഷം: റാണാ ദഗുബാട്ടി

ലണ്ടനിലെ റോയൽ ആൽബേർട്ട് ഹാളിൽ, കഴിഞ്ഞ 148 വർഷത്തിനുള്ളിൽ ആദ്യമായി ഒരു അന്യഭാഷാ ചിത്രം പ്രദർശിപ്പിക്കുന്നു. അത് ബാഹുബലി: ദ ബിഗിനിങ് ആണ്. ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രമേ ഇക്കാലമത്രയും അവിടെ പ്രദർശിപ്പിച്ചിട്ടുള്ളു. നിരവധി പ്രേക്ഷകരെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ ലൈവ് പ്രദർശനം നടന്നത്. പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ബാഹുബലിയെ സ്വീകരിച്ചത്.

2015 ജൂലൈ 10 നാണ് ആദ്യ ഭാഗം പ്രദർശനത്തിനെത്തിയത്. ചിത്രം പത്ത് ദിവസത്തിനുള്ളിൽ 335 കോടി രൂപ കളക്ഷൻ നേടി. കഥ നടക്കുന്ന മഹിഷ്മതി സാമ്രാജ്യത്തിന്റെ സെറ്റ് രാമോജി റാവു ഫിലിം സിറ്റിയിലാണു ചിത്രീകരിച്ചത്. കുർണൂൽ, അതിരപ്പിള്ളി,മഹാബലേശ്വർ എന്നിവിടങ്ങളിലായി ശേഷിക്കുന്ന ഭാഗങ്ങൾ ചിത്രീകരിച്ചു

ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി : ദ കൺക്ലൂഷൻ എന്ന പേരിൽ 2017 ഏപ്രിൽ മാസം പ്രദർശനത്തിനെത്തി. 4K ഹൈ ഡെഫെനിഷനിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി:ദ കൺക്ലൂഷൻ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികൾ ഈ ബാഹുബലി 2 സ്വന്തമാക്കി. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook