ഐറ്റം സോങ്ങുകളിലൂടെ പ്രശസ്തയായ നടിയാണ് സ്കാർലെറ്റ് വിൽസൺ. ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലൂടെയാണ് സ്കാർലെറ്റ് ഏവർക്കും സുപരിചിതയായി മാറിയത്. ഇപ്പോഴിതാ ഷൂട്ടിങ് സെറ്റിൽ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ചിരിക്കുകയാണ് സ്കാർലെറ്റ്. ബോളിവുഡ് ചിത്രമായ ‘ഹൻസ ഏക് സൻയോഗ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമെന്ന് ന്യൂസ് നാഷൻ റിപ്പോർട്ട് ചെയ്തു.

ചിത്രത്തിലെ ഐറ്റം സോങ് ചിത്രീകരണം നടക്കുകയായിരുന്നു. ഇതിനിടയിൽ നടൻ ഉമാകാന്ത് റായ് അപമര്യാദയായ രീതിയിൽ സ്കാർലെറ്റിനോട് പെരുമാറാൻ തുടങ്ങി. തന്റെ മുടിയിൽ തൊടാൻ നടൻ നോക്കിയതോടെ സ്കാർലെറ്റിന്റെ നിയന്ത്രണം വിട്ടു. നടന്റെ കരണത്തടിച്ചു. സംഭവത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചു.

സംഭവത്തിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാവ് സുരേഷ് ശർമ പറഞ്ഞു. നടൻ മാപ്പു പറഞ്ഞില്ലെങ്കിൽ വിലക്ക് ഉൾപ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിൽ സ്കാർലെറ്റ് ഐറ്റം ഡാൻസ് ചെയ്തിട്ടുണ്ട്. വിജയ് നായകനായ ‘ജില്ല’യിലെ ‘ജിങ്കുണമണി’ എന്ന ഗാനത്തിലും സ്കാർലെറ്റ് അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ