scorecardresearch
Latest News

ശിവകാമിയുടെ കഥ പറയാന്‍ ബാഹുബലി വീണ്ടുമെത്തുന്നു

ആദ്യ രണ്ടു ഭാഗങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച എസ്.എസ്.രാജമൗലി തന്നെയാണ് സംവിധായകന്‍

ramya krishnan

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു എസ്.എസ്.രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും 1700 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പിന്നീട് ജപ്പാനിലും ചൈനയിലും വിജയം നേടി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കു ശേഷം പ്രേക്ഷകര്‍ക്കായി ഒരു പുതിയ സന്തോഷവാര്‍ത്ത. ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നു.

ബാഹുബലി വീണ്ടുമെത്തുമ്പോള്‍ പറയുന്ന കഥ മഹേന്ദ്ര ബാഹുബലിയുടേതോ അമരേന്ദ്ര ബാഹുബലിയുടേതോ അല്ല, മറിച്ച് ശിവകാമി ദേവിയുടേതാണ്. ആനന്ദ് നീലകണ്‌ഠന്‍ എഴുതിയ ‘ദ റൈസ് ഓഫ് ശിവകാമി’ എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ രണ്ടു ഭാഗങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച എസ്.എസ്.രാജമൗലി തന്നെയാണ് സംവിധായകന്‍. രാജമൗലിക്കൊപ്പം സംവിധായകന്‍ ദേവ കട്ടയും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട് എന്നാണ് വിവരം.

ബാഹുബലിക്കും മുമ്പുള്ള കാലഘട്ടത്തെയാണ് ‘ദ റൈസ് ഓഫ് ശിവകാമി’ എന്ന പുസ്‌തകത്തില്‍ പറയുന്നത്. രാജമാത ശിവകാമി ദേവിയുടെ ജീവിത യാത്രയാകും ചിത്രവും പറയുന്നത്. രമ്യാ കൃഷ്‌ണനാണ് ചിത്രത്തില്‍ ശിവകാമി ദേവിയായി എത്തിയത്. രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

അതേസമയം, മൂന്നാംഭാഗം ഒരുങ്ങുന്നത് തിയേറ്റര്‍ റിലീസിനു വേണ്ടിയല്ല എന്നതു വളരെ പ്രധാനമാണ്. ഓണ്‍ലൈന്‍ വെബ്ബ് സ്ട്രീമിങ് സര്‍വ്വീസിനു വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്. രാജ്യാന്തര ഓണ്‍ലൈന്‍ വെബ് സ്ട്രീമിങ് സര്‍വ്വീസ് കമ്പനിയാണ് ചിത്രത്തിന്റെ മൂന്നാംഭാഗത്തിന് പണം മുടക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Baahubali prequel the rise of sivagami to be made as web series