ഇന്ത്യൻ സിനിമയെ ലോക സിനിമ വ്യവസായത്തിന് മുന്നിൽ തലയെടുപ്പോടെ നിർത്തിയ എസ്.എസ്.രാജമൗലിയുടെ ബാഹുബലി അവസാനിക്കുന്നില്ല. ബാഹുബലിയുടെ പൂർവ്വകഥ പരമ്പര രൂപത്തിൽ വീണ്ടുമെത്തുകയാണ്.
മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ എഴുതിയ പുസ്തകം ‘ദ് റൈസ് ഓഫ് ശിവഗാമി’ ആസ്പദമാക്കി ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ എന്ന പരമ്പരയാണ് ചിത്രീകരിക്കുന്നത്. അർക മീഡിയ വർക്സും നെറ്റ്ഫ്ലിക്സും രാജമൗലിയും സഹകരിച്ചാണ് പരമ്പര തയ്യാറാക്കുന്നതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടറാണ് വാർത്ത പുറത്തുവിട്ടത്. ദേവ കട്ട, പ്രവീൺ സത്താറുവും സംയുക്തമായി പരമ്പര സംവിധാനം ചെയ്യുമെന്നാണ് വിവരം.
ആദ്യ സീസണിൽ ഒൻപത് ഭാഗങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശിവഗാമിയുടെ ജനനവും വളർച്ചയും മഹിഷ്മതി സാമ്രാജ്യത്തിന്റെ വളർച്ചയുമാവും ഇതിൽ പറയുക. ആഗോള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സിലാണ് ഈ ബിഗ് ബജറ്റ് പരമ്പര റിലീസ് ചെയ്യുന്നത്.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ പരമ്പരയാകും ഇതോടെ ബാഹുബലി ബിഫോർ ദി ബിഗ്നിങ്. വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനമാക്കി സേക്രഡ് ഗെയിംസ് എന്ന പരമ്പര ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ മൂന്ന് ഭാഗങ്ങളിലായുളള പരമ്പരയിൽ ആരൊക്കെ ഏതൊക്കെ വേഷങ്ങൾ അവതരിപ്പിക്കുമെന്നോ, പരമ്പരയുടെ ബജറ്റ് എത്രയെന്നോ വെളിപ്പെടുത്തിയിട്ടില്ല.
ബാഹുബലിയുടെ ജനനത്തിനു മുൻപുള്ളതാണ് കഥ. ശിവഗാമിയുടെയും കട്ടപ്പയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ആദ്യ ഭാഗം പറയുക. 152 രാജ്യങ്ങളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. അതേസമയം അടുത്ത രണ്ട് ഭാഗങ്ങൾ ആനന്ദ് നീലകണ്ഠൻ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തെയും പുസ്തകത്തിലെയും ഉളളടക്കത്തെയും ആസ്പദമാക്കിയാവും.