ഓഗസ്റ്റ് 30 ന് പ്രദർശനത്തിനെത്തുന്ന സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ്. അതിനിടയിലാണ് പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്.
വർഷങ്ങളായി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പ്രഭാസ്. നേരത്തെ പ്രഭാസിന്റെ അമ്മാവൻ കൃഷ്ണം രാജു താരം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാഹോയുടെ റിലീസിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുന്നു.
Read More: പ്രഭാസ്-അനുഷ്‌ക വിവാഹം; ഗോസിപ്പുകൾക്ക് മറുപടിയുമായി താരത്തിന്റെ അമ്മ
പ്രഭാസ് തന്റെ ബാഹുബലി സഹതാരം അനുഷ്കയുമായി പ്രണയത്തിലാണെന്ന് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ച പ്രഭാസും അനുഷ്കയും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ കോഫീ വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിൽ പ്രഭാസും റാണാ ദഗ്ഗുബാട്ടിയും അതിഥികൾ ആയെത്തിയപ്പോൾ ഇതേ ചോദ്യം അവതാരകനായ കരൺ ജോഹർ പ്രഭാസിനോട് ചോദിച്ചിരുന്നു.
‘നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്?’ കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തപ്പോള്‍, അടുത്ത ചോദ്യം ‘നിങ്ങളും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?’ ഇത്തവണ കരണ്‍ ജോഹറിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി ‘അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്,’ പ്രഭാസ് പറഞ്ഞു നിര്‍ത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു.
പ്രഭാസും അനുഷ്കയും ഒരു സിനിമയിൽ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങൾ നിറയുന്നത് ഇരുവരുടെയും പ്രണയവാർത്തകളായിരിക്കും. “ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു”, പ്രഭാസ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ.
”പ്രഭാസും ഞാനും വിവാഹിതരാകാൻ പോകുന്നില്ല. ബാഹുബലി-ദേവസേന പോലെയുളള കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്ക്രീനിൽ മാത്രമാണ്”, പ്രഭാസുമായുളള വിവാഹ വാർത്തകളോടുളള അനുഷ്കയുടെ പ്രതികരണം ഇതായിരുന്നു.
എന്തായാലും സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകരും.
സാഹോ തുടക്കത്തിൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും ഗുണനിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും തൃപ്തികരമായ ഫലം നേടാൻ കുറച്ച് സമയം കൂടി വേണമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കുകയായിരുന്നു. ആഗസ്ത് 15 ന് അക്ഷയ് കുമാറിന്റെ മംഗൾയാൻ റിലീസ് ചെയ്യുന്നതാണ് കാലതാമസത്തിന് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സുജീത് സംവിധാനം ചെയ്ത സാഹോ ഒരു സ്പൈ ത്രില്ലറാണ്, ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ടോളിവുഡിലെ അടുത്ത വലിയ പ്രോജക്ടാണിത്.