അഭിനയം തന്റെ ബാല്യകാല സ്വപ്നമായിരുന്നില്ലെന്ന് പ്രഭാസ്. എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. കാരണം ഞാൻ ലജ്ജാശീലനായിരുന്നു. 18-ാമത്തെയോ 19-ാമത്തെയോ വയസ്സിലാണ് നടനാവണമെന്ന മോഹം എനിക്ക് തോന്നിയത്. ഇതേക്കുറിച്ച് അച്ഛനോടും ( പ്രൊഡ്യൂസർ സൂര്യ നാരായണ രാജു) അമ്മാവനോടും പറഞ്ഞു. അവർക്ക് ഇത് കേട്ടപ്പോൾ വളരെ സന്തോഷമായെന്ന് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞു.

Read More: ബാഹുബലിക്ക് വേണ്ടി പ്രഭാസ് നിരസിച്ചത് 6,000 വിവാഹാഭ്യര്‍ത്ഥനകള്‍; തെന്നിന്ത്യന്‍ സിനിമയിലെ ‘നാണം കുണുങ്ങി’യായ പ്രതിഭയെക്കുറിച്ച്

”ഒരു നടനെന്ന നിലയിൽ ബാഹുബലി എനിക്ക് തന്നതിനെക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ല. എന്റെ ജീവിതത്തിലെ ഒരു ഭാഗമാണ് ബാഹുബലിയിലെ കഥാപാത്രം. ഇത്തരമൊരു കഥാപാത്രം ഒരു നടന്റെ ജീവിതത്തിൽ വളരെ അപൂർവമായേ കിട്ടൂ. അത്തരം ഒരു കഥാപാത്രം എനിക്ക് കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. ബാഹുബലിക്കുവേണ്ടി എന്റെ ജീവിതത്തിലെ ഏഴു വർഷം പോലും ഞാൻ നൽകുമായിരുന്നു. ബാഹുബലി ടീമിനൊപ്പം ചേർന്നതോടെ രാജമൗലി സാറിന്റെ മനസ്സിലുളള കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ബാഹുബലിക്ക് ജീവനേകി പ്രേക്ഷകർക്കു മുന്നിൽ സ്ക്രീനിലെത്തിക്കുക എന്നതായിരുന്നു ഒരു നടനെന്ന നിലയിൽ എന്റെ ഉദ്ദേശ്യം. എന്നാൽ ചിത്രം ഇത്രയും വലിയ വിജയം നേടുമെന്ന് കരുതിയില്ല. അതിനെക്കുറിച്ച് വിവരിക്കാനാവില്ല”.

”ബാഹുബലി കഥാപാത്രത്തിനായി മാനസികമായും ശാരീരികമായും ഞാൻ തയാറെടുപ്പുകൾ നടത്തി. കർശനമായ ചിട്ടകളും ലൈഫ്സ്റ്റൈലും കഥാപാത്രമായി മാറാൻ എന്നെ സഹായിച്ചു. ഒരേസമയം അച്ഛനും മകനും ആയി അഭിനയിക്കുക തികച്ചും പ്രയാസമായിരുന്നു. ഒരു അച്ഛന്റെ ഭാഗത്ത്നിന്നുളള വികാരങ്ങളും മകന്റെ ഭാഗത്തുനിന്നുളള വികാരങ്ങളും ഒരേസമയം ഉൾക്കൊണ്ട് അവതരിപ്പിക്കുക എളുപ്പമായിരുന്നില്ല”.

ബാഹുബലിയുടെ വലിയ വിജയത്തിനുശേഷം തന്റെ അടുത്ത ചിത്രത്തിനുളള തയാറെടുപ്പിലാണ് പ്രഭാസ്. ”സാഹോയാണ് എന്റെ അടുത്ത പ്രോജക്ട്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ എന്റ കഥാപാത്രത്തിനായുള​ള തയാറെടുപ്പിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തുടങ്ങും” പ്രഭാസ് പറഞ്ഞുനിർത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ