മുംബൈ: ഇന്ത്യൻ ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാഹുബലിയിലെ അവസരം തിരസ്‌കരിച്ചതുമായി ബന്ധപ്പെട്ട് നടി ശ്രീദേവിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ബോളിവുഡ് ലൈഫ് ഡോട് കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ ആദ്യം മനസ്സില്‍ കണ്ടത് ശ്രീദേവിയെ ആണെന്നായിരുന്നു രാജമൗലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ശ്രീദേവി വച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് രാജമൗലി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അത് ഒരു അനുഗ്രഹമായി തോന്നുന്നുവെന്നും രൗജമൗലി കൂട്ടിച്ചേര്‍ത്തു.

ബാഹുബലി 2 ചരിത്ര വിജയമായതോടെ രാജമൗലിയുടെ വാക്കുകള്‍ ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായി. ഇതെക്കുറിച്ച് ആദ്യം പ്രതികരിച്ചില്ലെങ്കിലും തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രാജമൗലിക്ക് മറുപടിയുമായി ശീദേവി രംഗത്തെത്തിയിരുന്നു.

‘ഞാന്‍ പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും എനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം? 50 വര്‍ഷമായി സിനിമയില്‍. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് ഞാന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നോട് സംസാരിച്ചത് നിര്‍മാതാവാണ് അല്ലാതെ രാജമൗലിയല്ല. അദ്ദേഹത്തിനെ ചിലപ്പോള്‍ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. അതെക്കുറിച്ച് എനിക്കറിയില്ല. പിന്നെ എന്റെ ഭര്‍ത്താവ് ഒരു നിര്‍മാതാവാണ്. അദ്ദേഹത്തിന് ഒരു നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയം. അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. രാജമൗലി അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ ഈ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു.’ രാജമൗലിക്കെതിരെ ശ്രീദേവി തുറന്നടിച്ചു.

ശ്രീദേവിയുടെ വാക്കുകളും ചര്‍ച്ചയായതോടെയാണ് രാജമൗലി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ‘ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷെ ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ഒരിക്കലും ആ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു. എനിക്ക് ശ്രീദേവിജിയോട് കടുത്ത ബഹുമാനമുണ്ട്. മുംബൈ കീഴടക്കിയ തെന്നിന്ത്യയില്‍ താരങ്ങളുടെ പ്രതീകമാണവര്‍. പുതിയ ചിത്രം മോം വലിയ വിജയമായി തീരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’- രാജമൗലി പറഞ്ഞു.

ജൂലൈ 14നാണ് ‘മോം’ റിലീസ് ചെയ്യുന്നത്. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ്. നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, സുശാന്ത് സിങ്, അമൃത പുരി, രാജ് സുസ്തി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

വിവാഹത്തിന് ശേഷം സിനിമാരംഗം വിട്ടു നിന്ന ശ്രീദേവി അഞ്ചു വര്‍ഷം മുന്‍പാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഗൗരി ഷിന്‍റെ സംവിധാനം ചെയ്ത ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഇംഗ്ലീഷ് ഭാഷ ഒട്ടും വശമില്ലാതെ അമേരിക്കയില്‍ എത്തിപ്പെടുന്ന ഒരു ഇന്ത്യന്‍ വീട്ടമ്മയുടെ അതിജീവനത്തിന്‍റെ രസകരമായ ആവിഷ്കാരമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ