ബാഹുബലി താരങ്ങളായ അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങള്‍ നിറഞ്ഞ് ഒഴുകിയിരുന്നു. ചിത്രത്തില്‍ പ്രഭാസും അനുഷ്കയും തമ്മിലുളള കെമിസ്ട്രി ചര്‍ച്ചയായതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന പ്രചരണവും ഉയര്‍ന്നു . റാണാ ദഗുപതിയെക്കാള്‍ പ്രഭാസാണ് സെക്സിയെന്ന് അനുഷ്ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാല്‍ അത്തരത്തിലൊന്നും അല്ലെന്നും ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും പ്രഭാസും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തനിക്കൊരു ക്രിക്കറ്റ് താരത്തോട് പ്രണയം തോന്നിയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്ക. ഇന്ത്യയുടെ വന്മതില്‍ എന്ന് അറിയപ്പെടുന്ന മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ആ താരം. തെലുഗ് സ്റ്റഫ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്ക മനസ്സു തുറന്നത്.

ഒരു ആരാധകനാട് ക്രിക്കറ്റില്‍ ആരോടാണ് ആരാധന തോന്നിയിട്ടുളളതെന്ന് ചോദിച്ചത്. ആലോചനകളൊന്നും കൂടാതെ ഉടനടി അനുഷ്ക ഉത്തരവും പറഞ്ഞു. ‘രാഹുല്‍ ദ്രാവിഡാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട താരം. ചെറുപ്പം മുതലേ അദ്ദേഹത്തോട് എനിക്ക് പ്രത്യേക ഭ്രമം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലും ഞാന്‍ വീണു പോയിട്ടുണ്ട്’ അനുഷ്ക വെളിപ്പെടുത്തി.

ക്രിക്കറ്റും ബോളിവുഡും പ്രണയിച്ച് നിരവധി സെലബ്രിറ്റി താരങ്ങളും ഒന്നായിട്ടുണ്ട്. സഹീര്‍ഖാനും സാഗരിക ഗാട്കെയും ഈ ഡിസംബറില്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയുമാണ് ഇനി വിവാഹത്തിലേക്ക് നീങ്ങുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹം ചെയ്തത് മുന്‍ നടിയായിരുന്ന സംഗീത ബിജലാനിയെ ആയിരുന്നു.

തെലുങ്ക് ത്രില്ലര്‍ ബാഗമതിയാണ് അനുഷ്കയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ബാഹുബലിയില്‍ വാളെടുത്തു വീശുന്ന ദേവസേനയെ അവതരിപ്പിച്ച അനുഷ് ബാഗമതിയില്‍ മുറിവേറ്റ ശരീരവും കൈയ്യില്‍ ചോരനിറഞ്ഞ ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്. ജയറാം, ആശാ ശരത്, ഉണ്ണി മുകന്ദന്‍ എന്നീ മലയാളി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അടുത്തവര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ