ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവില്‍ പിരിയാനും തീരുമാനിച്ചു. എന്നാല്‍ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളില്‍ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. ഒടുവില്‍ റാണ തുറന്നു പറഞ്ഞു, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞെന്നും.
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് റാണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. എന്നാല്‍ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കരണിന്റെ ചോദ്യം. ആദ്യം റാണ ചോദ്യത്തില്‍ നിന്നും വഴുതി മാറാന്‍ ശ്രമിക്കുകയും തങ്ങള്‍ വര്‍ഷങ്ങളോളം സുഹൃത്തുക്കളായിരുന്നു എന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് സത്യം തുറന്നു പറഞ്ഞു.
‘ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാള് സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല,’ റാണ പറഞ്ഞു. എന്നാൽ തൃഷ ഇപ്പോഴും സിംഗിൾ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.
മുൻപ്, തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയ സുചിത്ര ലീക്സ് റാണയും തൃഷയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. പതിവുപോലെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് റാണയും തൃഷയും ചുംബിച്ച് കൊണ്ട് നില്ക്കുന്ന ചിത്രം ഗായികയും അവതാരകയുമായ സുചിത്ര പുറത്തുവിട്ടത്.
Read More: അനുഷ്കയുമായുള്ള പ്രണയം? എല്ലാം തുടങ്ങിവച്ചത് കരണ്‍ ജോഹറെന്ന് പ്രഭാസ്
ചാറ്റ് ഷോയില്‍ റാണയ്ക്കൊപ്പം പ്രഭാസും രാജമൗലിയും ഉണ്ടായിരുന്നു. പ്രഭാസിനെക്കാള്‍ മുന്‍പായി റാണ വിവാഹിതനാകുമെന്ന് രാജമൗലി ചാറ്റ് ഷോയ്ക്കിടയില്‍ വെളിപ്പെടുത്തി.
‘റാണ വളരെ അടുക്കും ചിട്ടയുമായി ജീവിക്കുന്ന ആളാണ്. ഓരോ കാര്യങ്ങളും അതിന്റേതായ രീതിയില്‍ റാണ ചെയ്യും. അദ്ദേഹത്തിന്റെ ജീവിതം ശരിക്കും പറഞ്ഞാല്‍ ഒരു വയസ് മുതല്‍ 10 വരെ, 10 വയസ് മുതല്‍ 15 വരെ, 15 മുതല്‍ 20 വരെ എന്ന തരത്തിലാണ്. വിവാഹം എന്നത് അതിന്റെ ഒരു ഭാഗമാണ്. അത് തീര്‍ച്ചയായും നടക്കും. എന്നാല്‍ നീണ്ടു നില്‍ക്കുമോ എന്നെനിക്കറിയില്ല,’ പൊട്ടിച്ചിരിച്ചുകൊണ്ട് രാജമൗലി പറഞ്ഞു.
ബാഹുബലി എന്ന ചിത്രത്തിനു ശേഷം അനുഷ്കയും പ്രഭാസും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ചും കരണ്‍ ജോഹര്‍ ചോദിച്ചു. എന്നാല്‍ ഇല്ലെന്ന് പ്രഭാസ് പറഞ്ഞു. റാണയും പ്രഭാസിനെ പിന്തുണച്ചു.