കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന വലിയ ചോദ്യത്തിനുളള ഉത്തരം കിട്ടാനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബാഹുബലി-2 എന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ തരംഗമാവുകയാണ്. ട്രെയിലറിനെയും ചിത്രത്തേയും പുകഴ്‌ത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുകയാണ്. യൂട്യൂബിൽ ട്രെയിലർ കണ്ട് നിരവധി രാജ്യങ്ങളിൽ നിന്നുളളവരാണ് റിവ്യൂ നൽകിയിരിക്കുന്നത്.

പ്രേക്ഷക പ്രതികരണങ്ങൾ കാണാം: //www.youtube.com/channel/UCm24bw5p1zvnmPlH-mD68rQ

എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതും ട്രെയിലർ ആകാംഷ വർദ്ധിപ്പിച്ചെന്നാണ്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കഴിഞ്ഞ ഒന്നര വർഷമായുളള കാത്തിരിപ്പിന് ഈ വരുന്ന ഏപ്രിൽ 28ന് വിരാമമാകുമ്പോൾ നിരവധി ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നുളള ആശ്വാസത്തിലാണ് ഇവർ.

ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യയ്‌ക്ക് പുറത്തും ബാഹുബലിക്ക് നിരവധി ആരാധകരുണ്ടെന്നതാണ് ഏറ്റവും രസകരമായ വസ്‌തുത. ബാഹുബലിയുടെ ആദ്യ ഭാഗം കണ്ട നാൾ മുതൽ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഒരു ഇസ്രയേലി യുവതി പറയുന്നത് തന്നെ ഇതിനുദാഹരണം. ട്രെയിലറിന്റെ പ്രതികരണവുമായി യുഎസ്, ഓസ്ട്രേലിയ, ജർമനി, ഇസ്രയേൽ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുളളവരാണ് അധികവും യൂട്യൂബിൽ റിവ്യൂ നൽകിയിരിക്കുന്നതും.

നാളിതുവരെയുളള ഏറ്റവും മികച്ച ട്രെയിലറാണ് ബാഹുബലിയുടേത് എന്നുതുടങ്ങി ചിത്രത്തെ വാനോളം പുകഴ്‌ത്തുന്ന പ്രേക്ഷകരുടെ ആകാംഷയെല്ലാം ഇതിലൂടെ വ്യക്തമാണ്. ഒരു പക്ഷേ മറ്റൊരു ചിത്രത്തിനായും ഇത്രയേറെ പ്രേക്ഷകർ കാത്തിരിന്നിട്ടുമുണ്ടാകില്ല. ഏതായാലും യുദ്ധവും പ്രണയവും നിറഞ്ഞ ബാഹുബലിയുടെ ഓരോ സീനും പ്രേക്ഷകരെ കണ്ണിമ ചിമ്മാതെ പിടിച്ചിരുത്തുമെന്ന് ഉറപ്പായി.

ഇന്നലെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലിറങ്ങിയ ട്രെയിലർ ഇതിനോടകം കോടിക്കണക്കിന് ആരാധകരുടെ ഇടയിൽ സംസാരവിഷയമാണ്. ട്രെയിലർ ഇറങ്ങി ഒരു ദിവസത്തിനകം തെലുങ്ക് ട്രെയിലർ മാത്രം മൂന്ന് കോടിയിലധികം ആളുകളാണ് കണ്ടത്. തൊട്ടുപിറകേ ഒരു കോടിയിലധികം വ്യൂസുമായി ഹിന്ദി ട്രെയിലറാണ് ഉളളത്. തമിഴ് ട്രെയിലർ 30 ലക്ഷത്തിലധികവും മലയാളത്തിൽ അഞ്ചു ലക്ഷത്തിലധികവും ആളുകളാണ് ട്രെയിലർ കണ്ടത്.

പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടവും അനുഷ്‌കയുടെയും രമ്യ കൃഷ്‌ണന്രെയും ശക്തമായ കഥാപാത്രങ്ങളും തമന്നയുടെയും സത്യരാജിന്റെയും പ്രകടനവുമെല്ലാം കാണാനായി ദിവസമെണ്ണി ആരാധകർ കാത്തിരിക്കുന്നു. എസ്.എസ്.രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ഇനി ഒന്നര മാസം കൂടി കാത്തിരിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ