ഏറെ നാളത്തെ കാത്തിരിപ്പുകൾക്കുശേഷം ഒടുവിൽ ബാഹുബലിയുടെ ട്രെയിലറെത്തി. പ്രതീക്ഷിച്ചതുപോലെതന്നെ കിടിലനായിട്ടുണ്ട് ട്രെയിലർ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലർ പുറത്തിറക്കിയത്. ബ്രഹ്മാണ്ഡ ചിത്രമെന്ന പേരിനു ചേർന്ന രീതിയിൽ തന്നെയാണ് ട്രെയിലർ. എന്നാൽ ട്രെയിലർ കണ്ടു കഴിയുന്പോഴും ആരാധകരുടെ മനസ്സിൽ ചില ചോദ്യങ്ങൾ ബാക്കിയാണ്.

1. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു ?

ബാഹുബലിയെ കട്ടപ്പ കൊല്ലുന്നതോടുകൂടിയാണ് ബാഹുബലി സിനിമയുടെ ആദ്യഭാഗം അവസാനിക്കുന്നത്. അന്നു മുതൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?. രണ്ടാം ഭാഗത്തിൽ ഇതിന്റെ ഉത്തരം ഉണ്ടാകുമെന്ന് ആരാധകർ കാത്തിരിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഒരു സൂചന പോലും ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലില്ല.

2. ചിത്രത്തിലെ പ്രധാന സംഘട്ടനരംഗം

ബാഹുബലിയുടെ ആദ്യഭാഗത്തെക്കാൾ രണ്ടാം ഭാഗം മികച്ചതായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എപ്പോഴും അവകാശപ്പെട്ടിരുന്നത്. അതിൽതന്നെ ഏറ്റവും മികച്ചത് ചിത്രങ്ങളിലെ സംഘട്ടനരംഗങ്ങളായിരിക്കുമെന്നും പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു സംഘട്ടനരംഗത്തിനായി 30 ദിവസം പ്രഭാസ് പരിശീലനം നേടിയെന്ന വാർത്ത ആരാധകരെ കുറച്ചൊന്നുമല്ല ആകാംക്ഷയിലാഴ്ത്തിയത്. എന്നാൽ ട്രെയിലറിൽ പ്രധാന സംഘട്ടനരംഗത്തെക്കുറിച്ചുളള വ്യക്തമായ ദൃശ്യങ്ങളില്ല.

3. ദേവസേനയുടെയും അമരേന്ദ്ര ബാഹുബലിയുടെയും പ്രണയം

അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും പ്രണയം എങ്ങനെയായിരുന്നുവെന്നത് ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ട്രെയിലറിൽ ചില സൂചനകൾ നൽകുന്നുവെങ്കിലും രണ്ടാം ഭാഗത്തിൽ ഇവരുടെ പ്രണയകഥയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്ന് സൂചനയില്ല. അതുപോലെ ഇരുവരുടെയും ചെറുപ്പകാലത്തെക്കുറിച്ചും ചിത്രത്തിൽ നമുക്ക് കാണാനാകുമോയെന്നും അറിയില്ല.

4. രണ്ടാം ഭാഗത്തിൽ തമന്നയുടെ റോൾ

ആദ്യഭാഗത്തിൽ മഹേന്ദ്ര ബാഹുബലിയുടെ കാമുകിയായിട്ടാണ് തമന്ന അഭിനയിച്ചത്. അവന്തിക എന്നായിരുന്നു തമന്നയുടെ കഥാപാത്രത്തിന്റെ പേര്. അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായ ദേവസേനയെ രക്ഷിക്കാൻ ജീവൻവരെ നൽകാൻ തയാറായി നിൽക്കുന്ന സൈനിക കൂടിയാണ് അവന്തിക. എന്നാൽ രണ്ടാം ഭാഗത്തിൽ തമന്നയുടെ റോൾ എന്തായിരിക്കും. ട്രെയിലറിൽ തമന്നയെ ഒരു സീനിൽ കാണിക്കുന്നുണ്ടെങ്കിലും പെട്ടെന്നാർക്കും തമന്നയാണ് അതെന്ന് വ്യക്തമാകില്ല.

ഈ ചോദ്യങ്ങൾക്കെല്ലാമുളള ഉത്തരം ലഭിക്കണമെങ്കിൽ ഇനി ഏപ്രിൽ 28 വരെ കാത്തിരിക്കണം. ആരാധകർക്കുളള ഉത്തരവുമായി ബാഹുബലിയുടെ രണ്ടാം ഭാഗം അന്ന് തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ