ഇന്ത്യൻ സിനിമാ ചരിത്രത്തിലെ റെക്കോർഡുകൾ വാരിക്കൂട്ടി മുന്നേറുകയാണ് ബാഹുബലി ട്രെയിലർ. ഇന്റർനെറ്റിൽ തരംഗം സൃഷ്‌ടിച്ച് കൊണ്ടിരിക്കുകയാണ് ബാഹുബലിയുടെ ട്രെയിലർ. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി ഇറങ്ങിയ ട്രെയിലർ ഇതുവരെ ആറ് കോടിയിലധികം പേരാണ് കണ്ടത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ട്രെയിലറായി മാറുകയാണ് ബാഹുബലി ദി കൺക്ളൂഷൻ.

അതേസമയം, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യ 24 മണിക്കൂറിനുളളിൽ ഏറ്റവും കൂടുതൽ പേർ കണ്ട ട്രെയിലറെന്ന അപൂർവ്വ റെക്കോർഡും ബാഹുബലി സ്വന്തമാക്കി. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുളളിൽ അഞ്ച് കോടിയിലധികം പേരാണ് നാലു ഭാഷകളിലുമായി ട്രെയിലർ കണ്ടത്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമായി ആദ്യ 24 മണിക്കൂറിൽ ട്രെയിലർ കണ്ടവരുടെ എണ്ണം അഞ്ച് കോടിയായതായി സംവിധായകൻ രാജമൗലിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചത്. റിലീസ് ചെയ്ത് 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർ കണ്ട വിഡിയോയുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തും ബാഹുബലി ട്രെയിലറെത്തി. ട്വിറ്ററിലൂടെ ബാഹുബലി ടീമാണ് ഇക്കാര്യം അറിയിച്ചത്. ഈ പട്ടികയിൽ ആദ്യ പതിനഞ്ചിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ബാഹുബലി.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന വലിയ ചോദ്യത്തിനുളള ഉത്തരം കിട്ടാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരു പക്ഷേ മറ്റൊരു ചിത്രത്തിനായും ഇത്രയേറെ പ്രേക്ഷകർ കാത്തിരിന്നിട്ടുമുണ്ടാകില്ല. ഏതായാലും യുദ്ധവും പ്രണയവും നിറഞ്ഞ ബാഹുബലിയുടെ ഓരോ സീനും പ്രേക്ഷകരെ കണ്ണിമ ചിമ്മാതെ പിടിച്ചിരുത്തുമെന്ന് ഉറപ്പായി.

പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടവും അനുഷ്‌കയുടെയും രമ്യ കൃഷ്‌ണന്രെയും ശക്തമായ കഥാപാത്രങ്ങളും തമന്നയുടെയും സത്യരാജിന്റെയും പ്രകടനവുമെല്ലാം കാണാനായി ദിവസമെണ്ണി ആരാധകർ കാത്തിരിക്കുന്നു. എസ്.എസ്.രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ഇനി ഒന്നര മാസം കൂടി കാത്തിരിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ