രാജമാത ശിവഗാമി എന്തുകൊണ്ട് മഹിഷ്‌മതിയുടെ ഭാവി രാജാവായി ഭല്ല ദേവനു (റാണ ഡഗ്ഗുബട്ടി) മുകളില്‍ ബാഹുബലിയെ തിരഞ്ഞെടുക്കുന്നു എന്നിടത്താണ് എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ട് ശ്രദ്ധ പതിപ്പിക്കുന്നത്. ബാഹുബലിയായുള്ള പ്രഭാസും ശിവയുമാണ്‌ സിനിമയിലെ പ്രധാന സാന്നിദ്ധ്യം. പ്രഭാസിന് സിനിമയോടുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ച് രാജമൗലി വാചാലനാവുന്നത് എന്തുകൊണ്ടാണ് എന്ന് ബാഹുബലി രണ്ട് കണ്ടാല്‍ മനസ്സിലാകും. പ്രഭാസ് ബാഹുബലിയെന്ന കഥാപാത്രത്തോടു കാണിക്കുന്നയത്ര നീതി അധികമാര്‍ക്കും സാധിക്കുന്നതല്ല.

കഥാപാത്രത്തിനു കൂടുതല്‍ വിശ്വാസ്യത സൃഷ്ടിക്കുന്ന രീതിയില്‍ വളരെ എളുപ്പത്തില്‍ തന്നെ അസാധ്യമായ മെയ്‌വഴക്കവും കണിശതയും ഒക്കെ പകര്‍ന്നാടാന്‍ പ്രഭാസിനു സാധിച്ചു. ദേവസേനയായി അഭിനയിച്ച അനുഷ്ക ഷെട്ടിയും നല്ല പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്. ഈ രണ്ടുപേരുടെ അഭിനയത്തിനു ചുറ്റുമാണ് ചിത്രം പരിണമിക്കുന്നത്.

ഇനി പ്രേക്ഷകര്‍ ശ്വാസമടക്കി കാത്തിരിക്കുന്നു ചോദ്യം, എന്തിനാണ് ബാഹുബലി കട്ടപ്പയെ കൊന്നത് ? അതിനുള്ള ഉത്തരം നല്‍കികൊണ്ട് ഞങ്ങള്‍ രസച്ചരട് മുറിക്കുന്നില്ല ! വളരെ തന്ത്രപരമായാണ് രാജമൌലി ഇതിനെ സമീപിക്കുന്നതും. സിനിമയില്‍ രണ്ടു പ്രധാന ട്വിസ്റ്റുകള്‍ ഉണ്ട്. കട്ടപ്പയുടെ രഹസ്യമാണ് അതില്‍ ഒന്ന്. വളരെ അനായാസത്തോടെ ഇതിലെ പ്രശ്നം മറികടക്കുന്ന രാജമൗലി എന്ന തിരകഥാകൃത്തിനാണ് ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍.

ആര്‍പ്പുവിളികളും ശൌര്യവും നിറഞ്ഞ യുദ്ധവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പ്രതീക്ഷിച്ച് ആവും പലരും പോവുക. എന്നാല്‍ സിനിമയുടെ ആദ്യ പകുതി നിങ്ങളെ ഭൂതകാലത്തേക്കാണ് കൊണ്ട്പോവുന്നത്. പ്രധാന കഥാപാത്രങ്ങളുടെ പ്രണയവും ഫ്ലാഷ്ബാക്കുമാണ് ആദ്യം. അത് ബാഹുബലി രണ്ടിന്‍റെ വേഗതയെ ബാധിക്കുന്നുണ്ട് എന്ന് തന്നെ വേണം പറയാന്‍. സിനിമയുടെ ഈ വേഗതക്കുറവ് എഡിറ്റര്‍ക്ക് കൂടുതല്‍ കണിശത നിലനിര്‍ത്താം എന്ന് നിങ്ങളെ തോന്നിപ്പിച്ചേക്കാം. രണ്ടാമത്തെ പകുതിയില്‍ എന്തിനു ബാഹുബലി കട്ടപ്പയെ കൊന്നു എന്ന്‍ വിശദീകരിക്കുന്നത് മുതലാണ്‌ സിനിമയുടെ ആവേശംമൂക്കുന്നത്.

വിഷ്വല്‍ എഫക്റ്റും മയപ്പെടുത്തിയ യുദ്ധ രംഗങ്ങളുമാണ് ബാഹുബലി രണ്ടിന്‍റെ മറ്റൊരു പോരായ്മ. ബാഹുബലി ഒന്നില്‍ കണ്ട അതിഗംഭീര സ്പെഷ്യല്‍ എഫക്റ്റുകള്‍ ബാഹുബലി രണ്ടില്‍ കാണാന്‍ സാധിക്കില്ല. അത് നിങ്ങളെ നിരാശപ്പെടുത്താം. ആക്ഷന്‍ രംഗങ്ങള്‍ സിംഗം സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ക്ലൈമാക്സ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ല.

അവസാനമായി ഉയരുന്ന ചോദ്യം ഇങ്ങനെ രണ്ടാമതൊരു ബാഹുബലി വേണ്ടിയിരുന്നോ എന്നാണ്. ബാഹുബലി രണ്ടിനു ദൈര്‍ഘ്യം കൂടുതലാണ്. പാട്ടുകളും പശ്ചാത്തല സംഗീതവും സാമാന്യ നിലവാരം മാത്രമേ പുലര്ത്തുന്നുള്ളൂ. സംവിധായകന്‍റെ താത്പര്യം കഥാതന്തുവല്ല, ബാഹ്യശോഭ മാത്രമാണ്. അത് താത്പര്യത്തെ ജനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് വേണം പറയാന്‍.

-ഹരി ആചാര്യ, ദുബൈ 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ