ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ നടനെന്ന ടൈറ്റിലിലാണ് പ്രഭാസ് ഇതുവരെ അറിയപ്പെട്ടിരുന്നതെങ്കിലും ബാഹുബലി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹമിന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറി. എന്നാല്‍ ഒരു ദേശീയ താരമായി തന്നെ ആഘോഷിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രഭാസ് നേരത്തേ വ്യക്തമാക്കിയതാണ്. ആരാധകരുടെ ഈ കൊണ്ടാട്ടങ്ങളെ പ്രഭാസ് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമായി തന്നെ പ്രഭാസ് വളര്‍ന്നു കഴിഞ്ഞു.

നേരത്തേ തെലുഗില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രാജമൗലിയുമൊത്തുള്ള ബാഹുബലിയാണ് പ്രഭാസിന് വഴിത്തിരിവായത്. നേരത്തേ ഇരുവരും ഒന്നിച്ച ഛത്രപതി 2005ല്‍ ഹിറ്റ് ആയിരുന്നെങ്കിലും ബാഹുബലിയാണ് ഇരുവരേയും അസൂയാവഹമായ കൂട്ടുകെട്ടാക്കി മാറ്റിയത്. ബാഹുബലിയുടെ ആദ്യഭാഗം ഹിറ്റായിരുന്നെങ്കില്‍ രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തേയും മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്.

ഏകദേശം 600 ദിവസത്തോളമാണ് ബാഹുബലിയുടെ ഷൂട്ട് നടന്നത്. രണ്ട് ചിത്രങ്ങള്‍ക്കും വേണ്ടി അഞ്ച് വര്‍ഷവും പ്രഭാസ് സമര്‍പ്പിച്ചു. ചിത്രത്തിന് വേണ്ടി കര്‍ക്കശമായ പരിശീലനവും ആഹാരക്രമവും അദ്ദേഹം പാലിച്ചു. ബാഹുബലി എന്ന കഥാപാത്രത്തിനായി 22 കിലോയാണ് അദ്ദേഹം ശരീരഭാരം കൂട്ടിയത്. ശിവുദു എന്ന കഥാപാത്രത്തിനായി 82 കിലോയും പിന്നീട് ബാഹുബലിക്കായി 105 കിലോയിലും അദ്ദേഹമെത്തി. ഭാരം കൂട്ടാനായി ദിവസേന 40 പുഴുങ്ങിയ മുട്ടകളാണ് പ്രഭാസ് കഴിച്ചിരുന്നത്. 2010ലെ മിസ്റ്റര്‍ വേള്‍ഡായ ലക്ഷ്മണ്‍ റെഢിയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്.

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നാണംകുണുങ്ങിയായ നടനായാണ് പ്രഭാസിനെ മാധ്യമങ്ങള്‍ അടയാളപ്പെടുത്തുന്നത്. വളരെ വിനീതനും വിവാദങ്ങളിലൊന്നും ഇതുവരെ തലവെക്കുകയും ചെയ്യാത്ത പ്രഭാസ് അപ്പോഴും ഒരു ദേശീയ നടനെന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.

ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങള്‍ വിജയിച്ചതിന് പിന്നാലെ പ്രഭാസിന് ആറായിരത്തോളം വിവാഹാഭ്യര്‍ത്ഥനകള്‍ വന്നതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാഹുബലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രഭാസ് എല്ലാത്തിനോടും ‘നോ’ പറഞ്ഞു. 10 കോടി രൂപ പ്രതിഫലത്തില്‍ ഒരു പരസ്യത്തില്‍ അഭിനയിക്കാനും അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ ബാഹുബലിയില്‍ നിന്നും ശ്രദ്ധ തെറ്റിപ്പോകുമെന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹം അതും നിരസിച്ചതായി കഴിഞ്ഞ ദിവസം രാജമൗലി വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ