ഏവരും ഒന്നടങ്കം കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി. ചിത്രം റിലീസ് ചെയ്യാൻ ഏതാനും നാളുകൾ മാത്രം ബാക്കിനിൽക്കെ സംവിധായകനായ എസ്.എസ്.രാജമൗലിയും ടീമും കൂടുതൽ പ്രതിസന്ധികൾ നേരിടുകയാണ്. കർണാടകയിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുമോയെന്നു ഇതുവരെ ഉറപ്പായിട്ടില്ല. ഇപ്പോഴിതാ തമിഴിലും ചിത്രം റിലീസിങ്ങിനു തടസ്സം നേരിടുന്നു.

തമിഴ്നാട്ടിൽ ബാഹുബലി 2 വിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ വിതരണക്കാരായ എസിഇ മീഡിയ ഹർജി നൽകിയിരിക്കുകയാണ്. ശ്രീ ഗ്രീൻ പ്രൊഡക്ഷൻസിന്റെ എം.എസ്.ശരവണൻ വിതരണക്കരായ എസിഇ മീഡിയയിൽനിന്നും വായ്പ വാങ്ങിയെന്നും ബാഹുബലി 2 റിലീസ് ചെയ്യുന്നതിനു മുൻപായി 10 ലക്ഷം രൂപ കൂടി അധികം നൽകി മുഴുവൻ പണവും തിരികെ നൽകാമെന്നും പറഞ്ഞു. ഇതുസംബന്ധിച്ച് ഇരുവരും കഴിഞ്ഞ ഫെബ്രുവരിയിൽ കരാറും ഒപ്പിട്ടു. എന്നാൽ ശരവണൻ പണം തിരികെ നൽകാൻ ഇതുവരെ തയാറായിട്ടില്ല. മാത്രമല്ല മറ്റു വിതരണക്കാരെ കൂട്ടുപിടിച്ച് സിനിമ റിലീസ് ചെയ്യാനുളള നീക്കത്തിലാണ്. ഇതിനാൽ ഏപ്രിൽ 28 ന് തമിഴ്നാട്ടിലെ ബാഹുബലി 2 വിന്റെ റിലീസ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. എന്നാൽ ജസ്റ്റിസ് കെ.കല്യാണസുന്ദരം ഹർജി തളളി. പക്ഷേ ഏപ്രിൽ 18 നു മുൻപായി ശ്രീ ഗ്രീൻ പ്രൊഡക്ഷൻസിനോട് കോടതി മുൻപാകെ ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 18 ന് ശ്രീ ഗ്രീൻ പ്രൊഡക്ഷൻസ് മറുപടി നൽകിയില്ലെങ്കിൽ ചിത്രത്തിന്റെ റിലീസിന് പ്രതിസന്ധിയുണ്ടാകും.

ബാഹുബലി ചിത്രത്തിൽ കട്ടപ്പയായി വേഷമിട്ട സത്യരാജ് കർണാടകത്തില ജനങ്ങളോട് മാപ്പു പറഞ്ഞില്ലെങ്കിൽ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം ഭീഷണി ഉയർത്തിയിരിക്കുന്നത്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവന സത്യരാജ് നടത്തിയിരുന്നു. ഇതിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ വാട്ടാൽ നാഗരാജാണ് രംഗത്ത് വന്നത്. ഇദ്ദേഹത്തെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പിന്തുണച്ചോതോടെ പ്രശ്നം സങ്കീർണമാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ