റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും ബാഹുബലി തരംഗത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ചിത്രം ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ബോക്സ് ഓഫിസിൽ വൻ നേട്ടം കൊയ്തു കഴിഞ്ഞു. 1000 കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും സ്വന്തം പേരിൽ എഴുതി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽതന്നെ പുതിയൊരു ഏടാണിത്.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടിൽനിന്നും പുറത്തുനിന്നും ബാഹുബലി 2 വിന്റെ തമിഴ് പതിപ്പ് ഇതുവരെ നേടിയത് 80 കേടിയാണ്. തമിഴ്നാട്ടിൽനിന്നും 68 കോടിയും വിദേശത്തുനിന്നും 42 കോടിയുമാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് നേടിയത്. ഈ ആഴ്ചയിൽതന്നെ തമിഴ്നാട് ബോക്സ് ഓഫിസിൽ ചിത്രം 100 കോടി കടക്കുമെന്ന് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിളള ട്വീറ്റ് ചെയ്തു.

രജനികാന്ത് ചിത്രം കബാലിയുടെ ബോക്സ് ഓഫിസ് റെക്കോർഡുകൾ നേരത്തെതന്നെ ബാഹുബലി 2 തകർത്തിരുന്നു. കബാലി 11 ദിവസത്തിനുളളിൽ 70 കോടിയാണ് നേടിയത്. എന്നാൽ ബാഹുബലി 2 ഇതിനോടകം 80 കോടിയാണ് വാരിക്കൂട്ടിയത്. മലയാളത്തിലും ചിത്രം 50 കോടി നേടിയതായാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ചിത്രം പുലിമുരുകനെ ചിത്രം കടത്തിവെട്ടുമോയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. റിലീസ് ചെയ്ത് 7 ആഴ്ച കൊണ്ട് പുലിമുരുകൻ 70 കോടിയാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ