സിനിമാ പ്രേമികളെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് മഹിഷ്‌മതിയുടെ രാജാവായ ബാഹുബലിയുടെ രണ്ടാം വരവിനായി. അത്രയേറെ ചോദ്യങ്ങളും സംശയങ്ങളും കാണികളുടെ മനസിൽ ഉയർത്തി കൊണ്ടാണ് ബാഹുബലിയുടെ ആദ്യ ഭാഗത്തിന് തിരശീല വീണത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ഇതുവരെ ആർക്കും ഉത്തരം കിട്ടിയിട്ടില്ല. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടണമെങ്കിൽ ഏപ്രിൽ 28 വരെ കാത്തിരിക്കണം.

അനുപമ ചോപ്ര ബാഹുബലിയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തെത്തിയ ഒരു വിഡിയോയാണിപ്പോൾ പുതിയ വിശേഷം. ബാഹുബലിയായെത്തുന്ന പ്രഭാസ്, കട്ടപ്പയായ സത്യരാജ്, സംവിധായകൻ എസ്.എസ്.രാജമൗലി, ആർട്ട് ഡയറക്‌ടർ സാബി സിറിൽ എന്നിവരാണ് ഈ വിഡിയോയിലുളളത്. ബാഹുബലിയിലെ തങ്ങളുടെ അനുഭവം പങ്ക് വെക്കുകയാണ് ഏവരും.

എന്ത് കൊണ്ട് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിന് സംവിധായകൻ ചെയ്യാൻ പറഞ്ഞത് കൊണ്ട് ചെയ്‌തുവെന്നാണ് സത്യരാജ് ഉത്തരം നൽകിയത്. ലോകമെമ്പാടുമുളളവർ തന്നോട് ചോദിച്ച ചോദ്യമാണിത്. തന്റെ കുടുംബത്തോടു പോലും താൻ ഈ കാര്യം പറഞ്ഞിട്ടില്ലയെന്നാണ് അഭിമുഖത്തിൽ സത്യരാജ് പറഞ്ഞത്. ഈ ചോദ്യങ്ങൾ രസകരമാണെന്നും സത്യരാജ് പറയുന്നു.

രണ്ട് വർഷം തുടർച്ചയായി ബാഹുബലിയിൽ മാത്രമാണണ് താൻ അഭിനയിച്ചതെന്നും, ഇടയ്‌ക്ക് ഒരു ഇടവേള എടുത്ത് മറ്റൊരു സിനിമ ചെയ്‌ത് വരണമെന്നാഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് പ്രഭാസ് പറയുന്നു.

കൂടുതൽ പ്രണയം നിറഞ്ഞതും ആക്ഷൻ നിറഞ്ഞതുമായിരിക്കും ബാഹുഹലി ദി കൺക്ളൂഷനെന്നാണ് പോസ്റ്ററുകളെല്ലാം പറയുന്നത്. പ്രഭാസ്, റാണ ദംഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, സത്യരാജ് എന്നിവരാണ് ബാഹുബലിയിൽ പ്രധാന അഭിനേതാക്കൾ. ഏപ്രിൽ 28 ന് ബാഹുബലിയും കൂട്ടരും തിയേറ്ററിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ